പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 61-കാരന് 54 വർഷം കഠിനതടവും 2.80 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം തവനൂരിൽ ആണ് സംഭവം. മറവഞ്ചേരി സ്വദേശി മണികണ്ഠനെയാണ് പൊന്നാനി അതിവേഗ കോടതി ശിക്ഷിച്ചത്. ജഡ്ജി എസ്. ലിഷയാണ് കേസിൽ വിധി പ്രസ്താവിച്ചത്.
പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി നാലര വർഷം കൂടി അധിക കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും ഉത്തരവുണ്ട്. ഇതുകൂടാതെ ഇരകളുടെ നഷ്ടപരിഹാര പദ്ധതി പ്രകാരം കുട്ടിക്ക് കൂടുതൽ ധനസഹായം അനുവദിക്കുന്നതിന് ജില്ലാ നിയമസേവന അതോറിറ്റിയോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു.
2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തുവയസുകാരനെ സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.
പരാതിയിൽ കേസെടുത്ത കുറ്റിപ്പുറം പൊലീസ് വിശദമായ അന്വേഷണം നടത്തി. അന്നത്തെ കുറ്റിപ്പുറം പൊലീസ് ഇൻസ്പെക്ടർ പി കെ പത്മരാജനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.








