സംസ്ഥാനത്ത് ഉള്ളി വിലയ്ക്ക് പിന്നാലെ മുട്ടവിലയും കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ഒരു കോഴിമുട്ടയ്ക്ക് എട്ടു മുതൽ പത്ത് രൂപ വരെയാണ് നിലവിലെ വില. നേരത്തെ അഞ്ച് രൂപയ്ക്ക് ലഭിച്ചിരുന്ന മുട്ടയ്ക്കാണ് ഒറ്റയടിക്ക് വലിയ വിലവർധനയുണ്ടായത്. നാടൻ കോഴിമുട്ടയുടെ വിലയും കുത്തനെ ഉയർന്നതോടെ സാധാരണക്കാരുടെ കുടുംബബജറ്റിനും തിരിച്ചടിയായിരിക്കുകയാണ്.
കോഴിമുട്ട വില വർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കോഴിത്തീറ്റയുടെ ഉൽപ്പാദനച്ചെലവിലുണ്ടായ വർധനയാണ്. എഥനോൾ നിർമാണത്തിനായി ചോളം വ്യാപകമായി ഉപയോഗിക്കുന്ന കേന്ദ്രനയം കോഴിത്തീറ്റ നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയെ ബാധിച്ചെന്നാണ് വിലയിരുത്തൽ. ചോളത്തിന്റെ ലഭ്യത കുറഞ്ഞതോടെ കോഴിത്തീറ്റയുടെ വിലയും ഉയർന്നു. ഇതിന്റെ അധികഭാരം കോഴിമുട്ടയുടെ വിലയിലും പ്രതിഫലിക്കുകയാണ്.
നേരത്തെ 1,800 മുതൽ 2,000 രൂപ വരെ വിലയുണ്ടായിരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2,760 രൂപ നൽകണം. ഉൽപ്പാദനച്ചെലവിലുണ്ടായ ഈ വർധന ചെറുകിട കോഴിക്കർഷകരെയാണ് കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. ഉള്ളി, മുട്ട അവശ്യസാധനങ്ങളുടെ വില വർധിക്കുന്നത് സാധാരണക്കാരുടെ ജീവിതച്ചെലവ് ഉയർത്തുകയാണ്.







