മാറഞ്ചേരി:സാമൂഹിക നീതിയും മാനവികതയും ഉയർത്തിപ്പിടിക്കുന്ന ഒരു പുതിയ സമൂഹനിർമിതിക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും ക്രിയാത്മകമായ ഇടപെടലുകൾ അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു.
സമൂഹം ഇന്ന് നേരിടുന്ന നിരവധി വെല്ലുവിളികൾക്ക് പരിഹാരം കാണാൻ വ്യക്തികളുടെയും കൂട്ടായ്മകളുടെയും ഉത്തരവാദിത്വപൂർണമായ ഇടപെടലുകൾ ആവശ്യമാണ്. മനുഷ്യർക്കിടയിൽ വളരുന്ന അകൽച്ചകൾ ഇല്ലാതാക്കാനും പരസ്പര വിശ്വാസവും സഹകരണവും ശക്തിപ്പെടുത്താനും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണം. വിദ്യാഭ്യാസം, സേവനം, കാരുണ്യം, സാമൂഹിക നീതി തുടങ്ങിയ മേഖലകളിൽ കൂടുതൽ സജീവമായ ഇടപെടലുകൾ കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏരിയാ പ്രസിഡൻ്റ് എ .സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു.അബ്ദുൽ അസീസ് പൊൻമുണ്ടം, വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് റുഖ്സാന പി., ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഷഹാബുദ്ദീൻ ഇബ്നു ഹംസ, ശമീർ തിരുനാവായ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ ഫൈസൽ കാഞ്ഞിരമുക്ക് സ്വാഗതവും ഏരിയാ സെക്രട്ടറി ജമാൽ പുറങ്ങ് നന്ദിയും പറഞ്ഞു.







