തിരുവനന്തപുരം:ശ്രീകാര്യത്ത് കാണാതായ 17 കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടത് അഭിറാമിന്റെ സുഹൃത്തിനെ.പെൺകുട്ടിയുമായി പ്രണയത്തിലുണ്ടായിരുന്നത് അഭിറാമിന്റെ സുഹൃത്തായിരുന്നു എന്നാൽ സുഹൃത്ത് അപകടം തിരിച്ചറിഞ്ഞ് പ്രതികൾ വിളിച്ച സ്ഥലത്തേക്ക് പോയില്ല.സ്ഥലത്തെത്തിയ അഭിറാം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഉമർ എന്ന പ്രതിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ട്. ഇയാൾ കാപ്പ കേസിലടക്കം ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. പ്രതികൾ സ്ഥിരം മദ്യപിക്കുന്ന സ്ഥലത്താണ് കൃത്യം നടന്നത്. ഇന്നലെ വൈകിട്ട് 4 മണിക്കും 5.30 ക്കും ഇടയിലായിരുന്നു സംഭവം.
അഭിറാമിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിലുണ്ട്. അഭിറാമിനെ കൊലപ്പെടുത്തിയത് ബെൽറ്റ് മുറുക്കി ആണെന്നാണ് പ്രതികൾ നൽകിയ മൊഴി. പെൺകുട്ടിയുടെ ശബ്ദത്തിൽ ഇൻസ്റ്റഗ്രാമിലൂടെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം, കേസിൽ തെളിവെടുപ്പ് ഉൾപ്പെടെ വേഗത്തിലാക്കുകയാണ് പൊലീസ്. പ്രതിയുമായി സ്റ്റേഷന് പുറത്തേക്കെത്തിയപ്പോൾ നാട്ടുകാർ ഉൾപ്പടെയുള്ളവർ പുറത്ത് പ്രതിഷേധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി അറിയിച്ചില്ലെന്ന് കൊല്ലപ്പെട്ട അഭിറാമിന്റെ ബന്ധുക്കളുടെ ആരോപണം ഉയരുന്നുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ ബി കൃഷ്ണ ഈ പരാതി തള്ളിയില്ല.വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.







