ചങ്ങരംകുളം :കഴിഞ്ഞ 10 വർഷത്തോളമായി ചങ്ങരംകുളം – എടപ്പാൾ മേഖലയിൽ തുടരുന്ന ഗുണ്ട – മാഫിയ – പൊലീസ് കൂട്ട് കെട്ടിനെതിരെ ശക്തമായ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നവംബർ 5 ന് ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് മുസ്ലിം ലീഗ് നേതാക്കൾ പ്രഖ്യാപിച്ചു. ഈ കൂട്ട് കെട്ടിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വട്ടംകുളത്ത് പൊതു സ്ഥലത്ത് കലാപഹ്വാന സന്ദേശമുള്ള ബോർഡ് പരസ്യമായി സ്ഥാപിക്കുകയും പരാതിയുടെ പുറത്ത് പോലീസ് ആ ബോർഡ് എടുത്ത് സ്റ്റേഷനിൽ എത്തിച്ചത്.മണിക്കൂറുകൾക്കുള്ളിൽ മേലുദ്യോഗസ്ഥൻ്റെ നിർദ്ദേശപ്രകാരം നിരവധി കേസുകളിൽ പ്രതിയായ ഒരു ഗുണ്ട നേതാവിന്റെ നേതൃത്വത്തിൽ സിനിമ സ്റ്റൈലിൽ പോലീസ് സ്റ്റേഷനിൽ നിന്ന് എടുത്തു കൊണ്ട് പോവുകയും പിറ്റേന്ന് പോലീസ് നോക്കി നിൽക്കെ ഇതേ സ്ഥലത്ത് വീണ്ടും സ്ഥാപിക്കുകയും ചെയ്തത്. മാത്രമല്ല തങ്ങൾക്ക് പോലീസോ നിയമ സംവിധാനമോ ഒന്നുമല്ലെന്ന തരത്തിൽ റിൽസുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു. പരാതി വന്നപ്പോൾ ഇതിൽ നിസ്സാര വകുപ്പുകളിൽ കേസെടുത്ത് ഫൈൻ അടച്ച് വിടുന്നു.
പോലീസിൻ്റെ ആത്മ വീര്യവും ജനങ്ങളുടെ പോലീസിലുള്ള വിശ്വാസവും നഷ്ടപ്പെടുത്തുന്ന ഈ നടപടിക്ക് ഒത്താശ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജില്ല മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കോക്കൂർ, ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൂതൂർ ,പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി പി യൂസഫലി, തവനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി പി ഹൈദരലി, മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രവർത്തക സമിതി അംഗം ഷാനവാസ് വട്ടത്തൂർ എന്നിവർ വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.







