ചങ്ങരംകുളം:കേരളത്തിലെ അപൂർവം ഭഗവതി ക്ഷേത്രങ്ങളിൽ മാത്രം നടന്നു വരുന്ന ഒരു ക്ഷേത്ര കലയാണ് പാന.പഞ്ചവാദ്യ കലാകാരനായ സന്തോഷ് കുമാറിൻ്റെ മുത്തച്ഛൻ പരേതനായ ഗോവിന്ദൻ കുട്ടി നായർ പാനയാശാനായിരുന്നു.ഫോക്ലോർ അക്കാഡമി പുരസ്ക്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ധേഹത്തിന് ലഭിച്ചിട്ടുണ്ട്.മുത്തച്ഛൻ്റെ മരണശേഷം മക്കളായ ആലങ്കോട് കുട്ടൻ നായരും, ഗംഗാധരൻ നായരും കൂടാതെ രാമൻ നായരും പാന എന്ന കലയെ കൈവിടാതെ പല ക്ഷേത്രങ്ങളിലായി നടത്തി വന്നിരുന്നു. കുട്ടൻ നായരുടെ മകനായ സന്തോഷ് കുമാർ പെരുമുക്ക് കാരേക്കാട് ഭഗവതി ക്ഷേത്രത്തിലെ വഴിപാടായാണ് ചങ്ങരംകുളം കരിമ്പന വളപ്പിൽ വീട്ടിൽ വെച്ച് പാനയിലെ തിരി ഉഴിച്ചിലിൽ അരങ്ങേറ്റം കുറിച്ചത്.പന്താവൂർ പെരുമുക്ക് ഭഗവതി ക്ഷേത്രം, ശുകപുരം കുളങ്കങ്കര ഭഗവതി ക്ഷേത്രം, കണ്ടനകം കല്ല്യാണി ഭഗവതി ക്ഷേത്രം,മുത്തശ്ശിയാർ കാവ് ഭഗവതി ക്ഷേത്രം, ചാലിശ്ശേരി മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലാണ് പാന എന്ന ഈ ക്ഷേത്ര കല നടന്നുവരുന്നത്.പാന എന്നത് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ഒരു തോറ്റം പാട്ടാണ്. ദാരികനെ ജനിപ്പിച്ച് ദാരികനെ വധിക്കുന്നതു വരെയുള്ള 4444 പദങ്ങളായുള്ള പാട്ട് പന്തലിൽ ഇരുന്ന് ചൊല്ലിത്തീർക്കും. പന്തലിൽ വാഴപ്പോള കൊണ്ട് ഭംഗിയായി ഉണ്ടാക്കുന്ന താത്ക്കാലിക ക്ഷേത്രം എന്ന് തന്നെ പറയാം. കാലത്ത് എട്ട് മണിയോടെ തുടങ്ങുന്ന പാന പിറ്റേ ദിവസം കാലത്ത് ആറ് മണി വരെ നീണ്ടു നിൽക്കും.പാനയിലെ തിരി ഉഴിച്ചിലിന് വാദ്യമേളങ്ങളുടെ അകമ്പടിയും ഉണ്ടാകും. വളരെ അപൂർവ ക്ഷേത്രങ്ങളിൽ മാത്രം കണ്ടു വരുന്ന ഈ പാന ഉത്സവവും തിരി ഉഴിച്ചിലും കാണാനായി നിരവധി പേർ ക്ഷേത്രാങ്കണത്തിൽ എത്താറുണ്ട്.










