കൊഴിഞ്ഞാമ്പാറ: പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടിലെ സഹോദരങ്ങളായ കുട്ടികളെ അമ്മ കുളിമുറി വെള്ള വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ. അറസ്റ്റിലായ അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിന് പിന്നാലെ തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സൂചനകളുടെ ഭാഗമായാണ് കൊഴിഞ്ഞാമ്പാറ പോലീസിന് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്റ്റഫർ (മൂന്ന്) എന്നിവരെയാണ് സെപ്റ്റംബർ 29-ന് രാവിലെ പത്തരയോടെ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുങ്ങിമരണമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്.
എന്നാൽ നിവേദ്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. നിവേദ്യയുടെ മൊഴിയും ലഭ്യമായ തെളിവുകളും പരിശോധിച്ചാൽ മാത്രമേ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥനും കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടറുമായ എസ്. രജീഷ് നേരത്തെ പറഞ്ഞിരുന്നു.
മോഡലിങ്ങിനും മറ്റും താൽപര്യമുണ്ടായിരുന്നുവെന്നും അതിന് കുഞ്ഞുങ്ങൾ തടസ്സമാകുമെന്നും തോന്നിയതിനാലാണ് കൃത്യം നടത്തിയത് എന്നായിരുന്നു നിവേദ്യ പോലീസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസമാണ് നിവേദ്യയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. ചൊവ്വാഴ്ച ഹൈക്കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയതിന് പിന്നാലെ, ബുധനാഴ്ച രാവിലെയാണ് നിവേദ്യയെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
സംഭവം നടന്ന വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കൃത്യം നടത്തുന്നതിന് നിവേദ്യക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായുള്ള സൂചന പോലീസിന് ലഭിച്ചത്. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതായി പോലീസിന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയത്.
ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായിട്ടുണ്ടോ, കുട്ടികളെ കൊലപ്പെടുത്താൻ ഇയാൾ ഏതെങ്കിലും തരത്തിൽ നിവേദ്യയെ സഹായിച്ചിട്ടുണ്ടോ, അതോ കൊലപാതകം നടത്താൻ യുവതിയെ പ്രേരിപ്പിക്കുകയാണോ ചെയ്തിട്ടുള്ളത് എന്നീ സാധ്യതകളാണ് പോലീസ് അന്വേഷിക്കുന്നത്. യുവാവിനെ കൂടുതൽ ചോദ്യംചെയ്യുന്നതിൽ നിന്നേ ഈ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.








