പുനലൂർ: ഇനി ഏതാനും മണിക്കൂറുകൾ കൂടി മാത്രം. വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച ആദ്യ തീവണ്ടി സംസ്ഥാന അതിർത്തിയിലെ തുരങ്കങ്ങളിലെ ഇരുട്ടുതാണ്ടി ആര്യങ്കാവ് ചുരം താണ്ടി വരും. ചില്ലുമേൽക്കൂരയും കണ്ണാടി ജാലകങ്ങളും ഘടിപ്പിച്ച കോച്ചിലിരുന്ന് യാത്രക്കാർക്ക് സഹ്യപർവതനിരകളുടെ അപൂർവ സൗന്ദര്യവും അരുവികളും പുഴയും കുന്നുകളുടെ പച്ചപ്പും വനത്തിന്റെ നിഗൂഢമൗനവും ആസ്വദിക്കാം.
കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച തീവണ്ടി കൊല്ലം-ചെങ്കോട്ടപ്പാതയിലൂടെ കന്നിയോട്ടം നടത്തുകയാണ് വ്യാഴാഴ്ച. രാവിലെ 11.35-ന് മധുരയിൽനിന്ന് പുറപ്പെട്ട് പുലർച്ചെ രണ്ടുമണിയോടെ ഗുരുവായൂരിലെത്തുന്ന എക്‌സ്‌പ്രസ് തീവണ്ടിയാണ് ആദ്യ വിസ്റ്റാഡോം കോച്ചുമായി സർവീസ് നടത്തുന്നത്.
തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയായ കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികളിൽ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ വ്യാഴാഴ്ച പച്ചക്കൊടി കാട്ടുന്നത്.
മഴക്കാലമായതിനാൽ ഒറ്റക്കൽ, തെന്മല, ആര്യങ്കാവ് മേഖലകളിലേക്കെത്തുമ്പോൾ മലഞ്ചെരിവുകളിലൂടെ ഒഴുകിയെത്തുന്ന അരുവികളും കല്ലട അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന കഴുതുരുട്ടിയാറിന്റെ സൗന്ദര്യവും നുകരാനാകും. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച പാതയിൽ സുർക്കിയും ചുണ്ണാമ്പുകല്ലും ചേർത്തുള്ള ഒട്ടേറെ കണ്ണറപ്പാലങ്ങളും തുരങ്കങ്ങളും പ്രത്യേകതയാണ്. ഈ കോച്ചിലിരുന്ന് ഈ കണ്ണറപ്പാലങ്ങൾ ആസ്വദിക്കാനാകും. പാതയിൽ നിലവിൽ മൂന്നാഴ്ചത്തെ ടിക്കറ്റ് ബുക്കിങ്ങായിക്കഴിഞ്ഞു.








