കാസർകോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307/16308) കാസർകോട്ടേക്ക് നീട്ടിയേക്കുമെന്ന് സൂചന. മുൻപ് ഇതേക്കുറിച്ച് ആലോചന നടന്നിരുന്നെങ്കിലും യാഥാർഥ്യമായിരുന്നില്ല. സമയക്രമവും എന്നുമുതലാണ് നീട്ടുന്നതെന്ന കാര്യവുമൊന്നും പുറത്തുവന്നിട്ടില്ല. തീവണ്ടി നീട്ടുന്നത് കണ്ണൂരിനു വടക്കോട്ടുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുമെങ്കിലും രാത്രി വൈകി ഇവിടെയെത്തുന്നതും പുലർച്ചെ വളരെ നേരത്തേ പുറപ്പെടുന്നതും അസൗകര്യമാണ്.
വൈകിട്ട് 3.50-ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന വണ്ടി 12.30-നാണ് കണ്ണൂരിലെത്തുന്നത്. കണ്ണൂരിൽനിന്ന് പുലർച്ചെ 5.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് ആലപ്പുഴയിലുമെത്തും. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്സ്പ്രസിനെ കടത്തിവിടാനായി വഴിയിൽ പിടിച്ചിടുന്നതിനാൽ മിക്ക ദിവസങ്ങളിലും വണ്ടി കണ്ണൂരിലെത്തുന്നത് വൈകിയാണ്. അതേപോലെ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസുമായി റേക്ക് പങ്കിട്ടാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ് സർവീസ് നടത്തുന്നത്. കാസർകോട്ടേക്ക് നീട്ടിയാൽ ഇക്കാര്യത്തിലും ക്രമീകരണം വേണ്ടിവരും.







