എടപ്പാൾ: സ്വന്തമായി കളിസ്ഥലമില്ലെന്ന വലിയ പരിമിതിയെ കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് തോൽപ്പിച്ച് ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ. തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ ഐഎച്ച്ആർഡി വിഭാഗത്തിലാണ് ഈ മിടുക്കർ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
വിവിധ മത്സരയിനങ്ങളിൽ സ്വർണവും വെള്ളിയും വെങ്കലവുമടക്കം വാരിക്കൂട്ടിയാണ് വിദ്യാലയം ഈ സുവർണനേട്ടം കൈവരിച്ചത്. സ്വന്തമായി മൈതാനമില്ലാത്തതിനാൽ പുറമെ നിന്നുള്ള ഗ്രൗണ്ടുകളെ ആശ്രയിച്ചായിരുന്നു കുട്ടികളുടെ കഠിന പരിശീലനം. ഈ നിരന്തര പരിശ്രമമാണ് ഒടുവിൽ ചരിത്രനേട്ടമായി മാറിയത്.
സംസ്ഥാന ടെക്നിക്കൽ എജ്യുക്കേഷൻ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ ഹൈസ്കൂളുകളും ഐഎച്ച്ആർഡി സ്കൂളുകളും മാറ്റുരച്ച മേളയിൽ, മൊത്തത്തിലുള്ള മത്സരങ്ങളിൽ പത്താം സ്ഥാനത്തെത്താനും വട്ടംകുളം സ്കൂളിന് കഴിഞ്ഞു. സമീപകാല ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ ഇത്രയധികം നേട്ടങ്ങൾ സംസ്ഥാന കായികമേളയിൽ കൊയ്തെടുക്കുന്നത്.
പരിമിതികളെല്ലാം മറികടന്ന് കായികരംഗത്ത് വിദ്യാലയം നേടിയ ഈ തിളക്കമാർന്ന കുതിപ്പിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ഒരുപോലെ ആഹ്ലാദത്തിലാണ്.








