കോഴിക്കോട്: പന്നിയങ്കരയിൽ വിൽപ്പനയ്ക്കായി 168ഗ്രാം എംഡിഎംഎ എത്തിച്ച സംഭവത്തിൽ പ്രധാന പ്രതികളായ രണ്ടുപേർ പിടിയിൽ. സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ ബംഗളൂരുവിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തൃശൂർ ആറ്റൂർ പറപ്പുറം സ്വദേശി പനലാപ്പിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (36), കൊല്ലം കോട്ടുക്കൽ മഞ്ഞപ്പാറ സ്വദേശിനി സാഹില (29) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
കേസിൽ നേരത്തെ എംഡിഎംഎയുമായി ഒളവണ്ണ സ്വദേശി കെ സി നവാസിനെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഫൈസലും സാഹിലയും തനിക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയിരുന്നെന്ന് അന്വേഷണ സംഘത്തിന് നവാസ് മൊഴിനൽകി. പിന്നാലെ സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്ന് തെളിഞ്ഞത്.ഫൈസലിന്റെയും സാഹിലയുടെയും മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് വിശദമായ പരിശോധനക്ക് വിധേയമാക്കുകയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.







