കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ തമിഴ് നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലെത്തില്ല. കാലാവസ്ഥ മോശമായതാണ് ആഘോഷച്ചടങ്ങുകൾ നടക്കുന്ന തൃശ്ശൂരിലേക്കുള്ള യാത്ര മുടങ്ങാൻ കാരണം.കോയമ്പത്തൂരിൽനിന്നായിരുന്നു വിജയ് തൃശ്ശൂരിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ ഇവിടെ കനത്ത മഴ തുടരുന്നതാണ് അദ്ദേഹത്തിന്റെ തൃശ്ശൂർ സന്ദർശനം റദ്ദുചെയ്യാനുള്ള കാരണം. തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കിയ വിജയ് പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി. പിന്നീടൊരിക്കൽ വരാമെന്ന് വിജയ് ഉറപ്പുനൽകിയതായി ടി.എസ്. കല്യാണരാമൻ അറിയിച്ചു.
കല്യാണിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി നിരവധി പ്രമുഖരും എത്താറുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രിയായതിനുശേഷം വിജയ് കേരളസന്ദർശനം നടത്തിയിട്ടില്ല. രണ്ടുവർഷം മുൻപ് വെങ്കട് പ്രഭു സംവിധാനംചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് വിജയ് തിരുവനന്തപുരത്ത് എത്തിയിരുന്നു.







