ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയിൽ സമരമുഖത്ത് നിന്ന് പിൻവാങ്ങാതെ ഇന്ത്യാ സഖ്യം. ഡൽഹിയിൽ നാളെയും ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം തുടരും. മൂന്ന് മണിക്ക് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ എത്താൻ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദേശം നൽകി. രാഷ്ട്രപതി ഭവനിലേക്കാണ് നാളെ പ്രതിഷേധം ഉണ്ടാകുക.
അതേസമയം, ഇന്ത്യ സഖ്യ പ്രതിഷേധത്തിന്റെ മൂന്നാംദിനം സമരകേന്ദ്രമായി തിരഞ്ഞെടുത്തത് ഗാന്ധി സമാധി രാജ്ഘട്ട് ആയിരുന്നു. ഡല്‍ഹി കൊണാട്ട് പ്ലേസിലെ റസ്റ്റോറന്റിൽ നിന്ന് മൂന്ന് ബസിലായി എംപിമാരുടെ യാത്ര. രാജ്ഘട്ട് വരെയുള്ള വഴിയിൽ ഇത്തവണ പൊലീസ് വിലങ്ങ് തടിയായില്ല. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ബസ്സിനൊപ്പം നടന്നു.
രാജ്ഘട്ടില്‍ എത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാർ ഗാന്ധി സമാധിയിൽ പുഷ്പാർച്നയും പ്രാർത്ഥനയും നടത്തി. തികച്ചും സമാധാനപരമായിരുന്നു സമരാന്തരീക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതുപോലെ കേന്ദ്രസേനകളുടെ വിന്യാസവും ഉണ്ടായിരുന്നില്ല.രാജ്ഘട്ടിൽ നിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്വന്തം വാഹനത്തിൽ മടങ്ങി. എന്നാൽ പ്രതിഷേധം ഇവിടംകൊണ്ട് അവസാനിപ്പിക്കില്ലെന്ന് എംപിമാർ പ്രതികരിച്ചു. വരുന്ന മണിക്കൂറുകളിലും രാജ്യത്തെ പ്രതിപക്ഷം സമരമുഖത്ത് ഉണ്ടാകും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം കൂടുതൽ കടുപ്പിക്കുകയാണ് സമര മാർഗത്തിലൂടെ പ്രതിപക്ഷം







