ചങ്ങരംകുളം:പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് പോലീസിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നത് പതിവാക്കിയ ഒതളൂർ സ്വദേശി പിടിയിൽ. പാവിട്ടപ്പുറം ഒതളൂർ സ്വദേശി കോട്ടേലവളപ്പിൽ പ്രേമരാജൻ (46) നെയാണ് ചങ്ങരംകുളം എസ് ഐ ജിതിൻ വാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൈസൂരിൽ എത്തി അറസ്റ്റ് ചെയ്തത്. ഏതാനും മാസങ്ങളായി ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ നമ്പറിൽ നിരന്തരം ഫോൺ ചെയ്ത് പോലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. രാത്രികാലങ്ങളിൽ പലപ്പോഴും മറ്റ് ജോലികൾ പോലും ചെയ്യാൻ കഴിയാത്ത രീതിയിൽ ശല്യം കൂടിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ മൈസൂരിൽ നിന്നാണ് ഇയാൾ ഫോൺ ചെയ്യുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ മൈസൂരിലെ ഇയാളുടെ ജോലി സ്ഥലത്തെത്തിയാണ് പിടികൂടിയത്. വീട് വിട്ട് മൈസൂരിൽ ഫർണിച്ചർ സ്ഥാപനത്തിൽ മരപ്പണി ചെയ്തു വരികയായിരുന്നു ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ബന്ധുക്കൾ നൽകിയ മറ്റൊരു കേസിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് താക്കീത് നൽകി വിട്ടയച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇയാൾ നിരന്തരം പോലീസിനെ ഭീഷണിപ്പെടുത്തിയിരുന്നതെന്നാണ് വിവരം. മാസങ്ങളായി പോലീസിന് തലവേദനയായ പ്രതിയെ പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് ചങ്ങരംകുളം പോലീസ്. പിടിയിലായ പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






