കോട്ടയം:സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ കനക്കുന്നു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് പെരിങ്ങുളത്ത് ഉറവപ്ലാവിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) ആണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയും വൈദ്യുതി ഇല്ലാത്തതും രക്ഷാപ്രവർത്തനത്തിനു തടസമായി. തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന മണിയൻകല്ലേൽ ജോസഫ് (അപ്പച്ചൻ), ഭാര്യ കുഞ്ഞുഞ്ഞുമ്മ എന്നിവർ രക്ഷപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകളും ഒറ്റപ്പെട്ട നിലയിലായി.
അതേസമയം, ഇടുക്കി ജില്ലയിലെ അടിമാലി പഴമ്പിള്ളിച്ചാൽ കല്ലുവെട്ടിക്കുഴി ഭാഗത്ത് ഷാജിയുടെ വീടിനു മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയതായി വിവരം. അപകടത്തിൽ ആളപായമില്ല. റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഫയർഫോഴ്‌സ് സംഭവസ്ഥലത്തേക്ക് എത്തി. ഇരുമ്പുപാലം–പഴമ്പിള്ളിച്ചാൽ റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
തീക്കോയി വേലത്തുശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ തേനി സ്വദേശി സംഗീത അരുൾലാൽ മരിച്ചു.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. വാഗമൺ മേഖലയിൽ കുസാറ്റിന്റെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ (എഡബ്ല്യുഎസ്) ഉച്ചയ്ക്ക് 3 മുതൽ 5 വരെയുള്ള സമയത്ത് 157 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ഈരറ്റുപേട്ട– വാഗമൺ റോഡിൽ കാരികാട് ടോപ്പിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. രണ്ട് കാറുകളുടെ വശങ്ങളിലേക്കാണു മണ്ണിടിഞ്ഞത്. ആർക്കും പരുക്കില്ല. റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു. മൂന്ന് മണിക്കൂറിനു ശേഷം രാത്രി ഏഴ് മണിയോടെയാണ് ഗതാഗതക്കുരുക്ക് മാറിയത്. വെള്ളിക്കുളം, തീക്കോയി മേഖലകളിലും കനത്ത മഴ പെയ്യുന്നുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്











