ഹരിദ്വാർ: രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലക്കേസിലെ പ്രതിയും പിന്നീട് 13 കേസുകളിലും കുറ്റമുക്തനാക്കപ്പെടുകയും ചെയ്ത സുരേന്ദ്ര കോലിയെ ഹരിദ്വാറിലെ ചായക്കടയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം
നോയ്ഡയിലെ വ്യവസായി മോണിന്ദർ സിങ് പന്ധേറിന്റെ വീട്ടുജോലിക്കാരനായിരുന്നു കോലി. കുറച്ചുകാലമായി ഹരിദ്വാറിൽ താമസിച്ചിരുന്ന കോലി വാടകക്ക് എടുത്ത ചായക്കട നടത്തിവരുകയായിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 2006ലാണ് നോയ്ഡ സെക്ടർ 31ൽ പന്ധേറിന്റെ ബംഗ്ലാവിന് സമീപത്തെ പറമ്പിൽനിന്നും ഓടകളിൽനിന്നും മനുഷ്യന്റെ അസ്ഥികൂടങ്ങളും തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. നിരവധി കുട്ടികളുടെയും സ്ത്രീകളുടെയും തിരോധാനവും കൊലപാതകങ്ങളും പുറത്തുകൊണ്ടുവന്ന സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധമുണ്ടായി. കേസിലെ സഹപ്രതിയായ മോണിന്ദർ സിങ് പന്ധേർ വർഷങ്ങളോളം ജയിലിലായിരുന്നു.
കേസിൽ കുറ്റമുക്തനായതിനെ തുടർന്ന് 2023 ഒക്ടോബർ 20ന് ജയിൽമോചിതനായി. നിഥാരി കൂട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഏക വ്യക്തിയായിരുന്നു സുരേന്ദ്ര കോലി. എന്നാൽ, 2025ൽ അവസാന കേസിലും സുപ്രീംകോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കി. ഇതോടെ നിഥാരി കേസുമായി ബന്ധപ്പെട്ട 13 കേസുകളിലും കോലി കുറ്റമുക്തനായി
മരണത്തിൽ സംശയമുന്നയിച്ച് ഇരയുടെ പിതാവ്
നോയിഡ: സുരേന്ദ്ര കോലിയുടെ മരണത്തിൽ സംശയം ഉന്നയിച്ച്, 2006ലെ നിതാരി കൂട്ട കൊലപാതകത്തിലെ ഇരയുടെ പിതാവ്. കോലിയെ കൊലപ്പെടുത്തിയതാണെന്നും ആത്മഹത്യ ചെയ്തതല്ലെന്നും 64കാരനായ ഝബ്ബു ലാൽ ആരോപിച്ചു. നിതാരിയിൽ കാണാതായ കുട്ടികളിലൊരാളായ അദ്ദേഹത്തിന്റെ മകളെ പിന്നീട് കേസിലെ ഇരകളിൽ ഒരാളായി തിരിച്ചറിഞ്ഞിരുന്നു.
ജയിലിൽനിന്ന് മോചിതനായ ശേഷം മാസങ്ങളോളം പുറത്തുകഴിഞ്ഞ കോലി എന്തിന് ആത്മഹത്യ ചെയ്യണമെന്ന ചോദ്യമാണ് ഝബ്ബു ലാൽ ഉന്നയിക്കുന്നത്. ജയിലിൽവെച്ച് ആത്മഹത്യ ചെയ്തിരുന്നെങ്കിൽ വിഷാദത്തിലായിരുന്നുവെന്ന് കരുതാമായിരുന്നു. എന്നാൽ, മോചിതനായി മാസങ്ങൾ പുറത്തുകഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. ഇത് ചോദ്യങ്ങൾ ഉയർത്തുന്നു-അദ്ദേഹം പറഞ്ഞു. നിതാരി കേസുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട എന്തെങ്കിലും വിവരം പുറത്തുവിടാനിരിക്കെയാണ് സുരേന്ദ്ര കോലി കൊല്ലപ്പെട്ടതെന്നും ലാൽ ആരോപിച്ചു.







