തിരുവനന്തപുരം:സംസ്ഥാനത്തേക്കു പുതിയ നിക്ഷേപങ്ങളും ബിസിനസ് സംരംഭങ്ങളും ആകർഷിക്കാൻ ലക്ഷ്യമിട്ട് ‘സരൾ കേരളം’ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ‘ഒരു സംസ്ഥാനം, ഒരു അനുമതി, ഒരു രേഖ’ എന്ന നയത്തിലൂന്നി ആവശ്യമായ ലൈസൻസുകളും അനുമതികളും അതിവേഗം ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണു ലക്ഷ്യം. ഇതിനായി ഏകീകൃത അതോറിറ്റിക്കു രൂപംനൽകും. പദ്ധതി നടപ്പാക്കാൻ 19 നിയമങ്ങൾ ഭേദഗതി ചെയ്യും. ‘സിംപ്ലിഫൈഡ് ആൻഡ് ആക്സിലറേറ്റഡ് റഗുലേറ്ററി അപ്രൂവൽസ് ആൻഡ് ലൈസൻസ്’ എന്നാണ് സരളിന്റെ പൂർണരൂപം.
25 കോടി മുതൽ 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ജില്ലാതല സമിതിയും 50 കോടിക്കു മുകളിലുള്ളവയ്ക്ക് സംസ്ഥാന സമിതിയും അനുമതി നൽകും. വ്യവസായ വികസന കോർപറേഷനാണ് (കെഎസ്ഐഡിസി) ഏകോപനച്ചുമതല. നിക്ഷേപ, സംരംഭ ശുപാർശ ലഭിച്ചാൽ ഓരോ വകുപ്പും നിശ്ചിത ദിവസത്തിനകം പരിശോധന പൂർത്തിയാക്കി മറുപടി നൽകണം. പിന്നാലെ അപ്രൈസൽ ബോഡി വിലയിരുത്തി സമിതിയുടെ മുൻപാകെ സമർപ്പിച്ച് അന്തിമ അനുമതി നൽകും. വകുപ്പുകളുടെ വിയോജിപ്പുകൾ പരിഹരിക്കാൻ അപ്പീൽ സംവിധാനമുണ്ട്.
വർഷങ്ങളായി അനുമതി ലഭിക്കാത്ത നിക്ഷേപങ്ങൾക്ക് പദ്ധതി വലിയ ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന സാധ്യതകൾക്ക് പുതിയ വാതിൽ തുറക്കും. പദ്ധതി നടപ്പാകുമ്പോൾ വകുപ്പുകളുടെ അധികാരം നഷ്ടമാകില്ല. എല്ലാ വകുപ്പുകളുമായി വിശദ ചർച്ച നടത്തി, അവയുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തി തയാറാക്കിയ കരട് രേഖയാണ് മന്ത്രിസഭ അംഗീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.








