എറണാകുളം : സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധിയും രാത്രികാല ലോഡ് ഷെഡിങ്ങും ജനങ്ങളെ വലയ്ക്കുന്നതിനിടയിൽ വൈദുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കറന്റ് പോയി. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് ഫെഡറേഷൻ സമ്മേളനത്തിലാണ് സംഭവം. സ്വന്തം വകുപ്പിന്റെ സമ്മേളനത്തിൽ പ്രസംഗത്തിനിടയിൽ കറന്റ് പോയതോടെ പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി മടങ്ങി. എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്നമല്ല ഇതെന്നാണ് സംഭവത്തിൽ മന്ത്രിയുടെ വിശദീകരണം.
വൈദ്യുതി വകുപ്പ് ഏറ്റെടുക്കുന്നത് മുൾക്കിരീടം അണിയുന്നത് പോലെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കാര്യവും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ആ മുൾക്കിരീടത്തെ പൂക്കിരീടമാക്കാനുള്ള ശ്രമങ്ങളാണ് താൻ നടത്തുന്നതെന്ന് വിശദീകരിച്ച് തൊട്ടുപിന്നാലെയാണ് വൈദ്യുതി നിലച്ചത്. താൻ എപ്പോൾ പ്രസംഗം നിർത്തണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാമെന്നായിരുന്നു സംഭവത്തിനുശേഷം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മന്ത്രി സണ്ണി ജോസഫ് തമാശരൂപേണ പ്രതികരിച്ചത്.അതേസമയം, പ്രതിസന്ധികൾ പരിഹരിക്കുമെന്നും വൈദ്യുത മേഖലയെ സ്വകാര്യവൽക്കരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. യൂണിറ്റിന് 4.29 രൂപയ്ക്ക് കിട്ടുമായിരുന്ന കരാർ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയിട്ടും മുൻ സർക്കാർ ഇടപെട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. മുൻ വൈദ്യുതി മന്ത്രി പിഴവ് സമ്മതിക്കുന്നതിൽ നന്ദിയുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.








