ചങ്ങരംകുളം:ദേശാടന പക്ഷികളുടെ ശല്യം മൂലം ദുരിതത്തിലായ ജനങ്ങൾക്ക് മുന്നിൽ കൈ മലർത്തി അധികാരികൾ. അഞ്ച് കോടി രൂപ മുടക്കി സൗന്ദര്യവത്കരണം നടത്തിയ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ് മൂക്ക് പൊത്തി നടക്കേണ്ട ദുരവസ്ഥ.
ജംഗ്ഷനിൽ സംസ്ഥാന പാതയോട് ചേർന്ന് കിടക്കുന്ന കോടികൾ മൂല്യമുള്ള റവന്യൂ ഭൂമിയിലെ പഴയ വില്ലേജ് കെട്ടിടവും, ഇവിടത്തെ മരങ്ങളിൽ കൂടുകൂട്ടുന്ന ദേശാടന പക്ഷികളുമാണ് പ്രദേശവാസികൾക്ക് ദുരിതം തീർക്കുന്നത്. പക്ഷികളുടെ കാഷ്ഠം ശരീരത്തിൽ വീഴുന്നതോടെ അസഹ്യമായ ദുർഗന്ധവും നീറ്റലും അനുഭവപ്പെടുന്നു. ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളും അടക്കമുള്ളവർ അറിയാതെ ഇതുവഴി സഞ്ചരിച്ച് യാത്ര മുടങ്ങുന്ന അവസ്ഥ പതിവാണ്.പ്രതിഷേധം ശക്തമായതോടെ വർഷങ്ങൾക്ക് മുൻപ് വില്ലേജ് അധികൃതർ മരച്ചില്ലകൾ വെട്ടിമാറ്റിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. പക്ഷിസ്നേഹികളും പരിസ്ഥിതിവാദികളും പ്രതിഷേധവുമായി എത്തിയതോടെ വില്ലേജ് ഓഫീസർ അടക്കമുള്ളവർക്കെതിരെ വനം വകുപ്പ് കേസെടുത്തതും വലിയ ചർച്ചയായി.
ഇവിടെ സ്ഥിതി ചെയ്തിരുന്ന ആലംകോട് വില്ലേജ് കെട്ടിടം തകർച്ചാ ഭീഷണി നേരിട്ടതോടെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും മൂക്ക് പൊത്തിയും കുടചൂടിയും എത്തേണ്ട അവസ്ഥ വന്നു. തുടർന്ന് വില്ലേജിന്റെ പ്രവർത്തനം താൽക്കാലികമായി സമീപത്തെ പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റി.
വർഷങ്ങൾ കഴിഞ്ഞിട്ടും മരങ്ങൾ മുറിച്ചുമാറ്റാനും വില്ലേജിന് പുതിയ കെട്ടിടം പണിയാനും കഴിഞ്ഞില്ല. ഹൈവേ ജംഗ്ഷനിലെ റവന്യൂ ഭൂമി ആലംകോട് പഞ്ചായത്തിന് വിട്ടുനൽകി, പഞ്ചായത്ത് സ്ഥലത്ത് പഞ്ചായത്ത് തന്നെ കെട്ടിടം നിർമിച്ച് നൽകാൻ സർക്കാർ തലത്തിൽ ധാരണയായിരുന്നു. ചങ്ങരംകുളം ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് ഭരണസമിതി വില്ലേജിന് പുതിയ കെട്ടിടം നിർമിച്ച് നൽകിയെങ്കിലും, ഉദ്യോഗസ്ഥതലത്തിലെ രാഷ്ട്രീയ വടംവലികൾ മൂലം വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയില്ല.
ഭൂമി കൈമാറ്റം മുടങ്ങിയതോടെ റവന്യൂ ഭൂമിയിൽ തന്നെ സർക്കാർ വില്ലേജിന് കെട്ടിടം പണിയാൻ 40 ലക്ഷം രൂപ അനുവദിക്കുകയും കഴിഞ്ഞ സർക്കാരിന്റെ അവസാന നാളുകളിൽ പ്രവൃത്തി ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിയും മുൻപ് കരാർ ജീവനക്കാരൻ മരണപ്പെട്ടതോടെ പുതിയ വില്ലേജ് എന്ന സ്വപ്നം വീണ്ടും മുടങ്ങി.ഹൈവേ ജംഗ്ഷൻ 5 കോടി മുടക്കി നവീകരിച്ചെങ്കിലും, പ്രധാന ഭാഗത്ത് ശ്മശാനം പോലെ കിടക്കുന്ന റവന്യൂ ഭൂമിയും പഴയ വില്ലേജ് കെട്ടിടവും മരങ്ങളും ദേശാടന പക്ഷികളും ഇവിടുത്തെ ജനങ്ങൾക്ക് ഇന്നും പേടിസ്വപ്നമാണ്.







