പൊന്നാനി :എഡിബി – സംസ്ഥാന സർക്കാർ സംയുക്ത കടൽഭിത്തി നിർമ്മാണ പദ്ധതിയുടെ മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം പൊന്നാനി തീരദേശത്ത് സന്ദർശനം നടത്തി.കെപി നൗഷാദ് അലി എംഎൽഎ പ്രാദേശിക പ്രത്യേകതകൾ സംഘത്തിനു വിശദീകരിച്ചു നൽകി.കാപ്പിരിക്കാട്, പാലപ്പെട്ടി ഖബർസ്ഥാൻ,വെളിയങ്കോട് ഹാച്ചറി,പുതുപൊന്നാനി മുനമ്പം ബീവി ജാറം, ലൈറ്റ് ഹൗസ് തുടങ്ങിയ സ്ഥലങ്ങൾ സംഘം വിലയിരുത്തി. 70:30 അനുപാതത്തിലാണ് എഡിബിയും സംസ്ഥാന സർക്കാറും പദ്ധതിചിലവ് നിർവ്വഹിക്കുക. 4200 കോടി പദ്ധതിയുടെ ആദ്യ ഘട്ട എഡിബി വിഹിതം 2000 കോടിയാണ്. 600 കോടി സംസ്ഥാനം വകയിരുത്തും. പൊന്നാനി,കൊടുങ്ങല്ലൂർ, തലശ്ശേരി,ശംഖുമുഖം,ആലപ്പാട്,തൃക്കുന്നപുഴ, വർക്കല,വലിയപറമ്പ, ചെല്ലാനം രണ്ടാം ഘട്ടം തുടങ്ങിയ പദ്ധതികളിൽ നിന്ന് ആറെണ്ണമാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക.ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള മിഷൻ ഡയറക്ടറേറ്റാണ് പദ്ധതി നിർവ്വഹിക്കുന്നത്.പദ്ധതി രൂപകൽപ്പനയിൽ പ്രധാന പങ്കാളിയായിരുന്ന അലക്സ് വർഗ്ഗീസ് ഐഎഎസ് ജൂലൈയിൽ മിഷൻ ഡയറക്ടറേറ്റ് സിഇഒ ആയി ചുമതലയേറ്റ ശേഷം നടപടികൾ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാറിനു വരുന്ന ഭാരിച്ച സാമ്പത്തിക ബാധ്യത പദ്ധതിയുടെ ഭരണാനുമതി വൈകിപ്പിച്ചിരുന്നു. സാമ്പത്തിക ഭാരം പദ്ധതിക്കു തടസ്സമാകില്ലെന്നും, ധന വകുപ്പിൻ്റെ അനുമതി ലഭ്യമാക്കാൻ അഭ്യർത്ഥിക്കുമെന്നും കെപി നൗഷാദ് അലി എംഎൽഎ അറിയിച്ചു. എഡിബി പ്രതിനിധികളായ ജോസഫ് മാത്യു,എംഡി കുദലെ,മിഷൻ ഡയറക്ടറേറ് സാങ്കേതിക വിഭാഗത്തിലെ ലേഖ എൻ, രാജേഷ് ഇറിഗേഷൻ വിഭാഗത്തിലെ ഷൈലിമോൻ, ഷിജി എം, കോസ്റ്റൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീന പി ചന്ദ്രൻ, രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇരുപതംഗ പ്രതിനിധി സംഘം സന്ദർശനം നടത്തിയത്.







