കാഠ്‌മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 600 ആയി. 2,400പേരെ കാണാനില്ലെന്നാണ് വിവരം. ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്‌തിരുന്ന 993 പേരെ കാണാതായി. 500ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. ഇതിൽ 320 ഇന്ത്യക്കാരും ഉൾപ്പെടുന്നു.അതേസമയം, തുരങ്കങ്ങളിൽ തെരച്ചിൽ നടത്താൻ വൈദഗ്‌ദ്ധ്യമുള്ള സംഘം ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തിൽ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടികയിൽ കൂടുതലും.കാണാതായ എട്ട് മലയാളികളെക്കുറിച്ചും യാതൊരു വിവരവും ലഭ്യമായിട്ടില്ല.
ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 96 ഇന്ത്യക്കാർ സുരക്ഷിതരായി നേപ്പാൾ ഭാഗത്തേക്ക് കടന്നിട്ടുണ്ട്.ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയത്തിൽ തകർന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്‌തിരുന്ന 63പേരെ രക്ഷപ്പെടുത്തി. പ്രളയത്തിൽ എത്ര ഇന്ത്യക്കാർ മരിച്ചെന്ന കാര്യത്തിൽ നിലവിൽ വ്യക്തമായ കണക്കുകൾ പുറത്തുവന്നിട്ടില്ല.










