തിരുവനന്തപുരം :പുതുപൊന്നാനി എം ഐ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളും, ബിഎഡ് കോളേജും സ്ഥിതിചെയ്യുന്ന ദേശീയ പാതക്ക് കുറുകെയുള്ള ഫൂട് ഓവർ ബ്രിഡ്ജിൻ്റെ ഡിസൈൻ മാറ്റം ദേശീയ പാത അതോറിറ്റി അംഗീകരിച്ചു.എംഎല്‍എ കെപി നൗഷാദ് അലയും ദേശീയ പാത അതോറിറ്റി റീജിയണൽ ഓഫീസർ കേണൽ ജാൻബാസും തിരുവനന്തപുരത്ത് ഹൈവേ അതോറിറ്റി ആസ്ഥാനത്തു നടത്തിയ ചർച്ചയിലാണ് ഡിസൈൻ ഭേദഗതിക്ക് അംഗീകാരമായത്.മൗനത്തുൽ ഇസ്ലാം സഭ ജന.സെക്രട്ടറി എഎം സമദ്,മുഹമ്മദ് റാഷിദ് ഹുദവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ദേശീയ പാത അതോറിറ്റി മേൽപ്പാലം അനുവദിക്കുന്നത് 30 മീറ്റർ വീതിയിൽ സ്ഥലം ലഭ്യമാകുന്ന ഇടങ്ങളിലാണ്.പുതുപൊന്നാനിയിൽ 16 മീറ്റർ മാത്രമാണ് ലഭ്യമായത്.അതോടെ അനുമതി ലഭിച്ചെങ്കിലും മേൽപ്പാലം സാധ്യമാക്കാനായില്ല.ഈ കുരുക്കാണ് ഡോഗ് ലഗ്ഗ്ഡ് സ്റ്റെയർ മാതൃകയിൽ പതിനാറ് മീറ്ററിൽ ചുരുങ്ങിയ സ്ഥലത്ത് പാലം സാധ്യമാക്കുന്ന ഡിസൈനിലേക്ക് മാറ്റി അനുവാദം നേടിയെടുത്തത്.അപകടം തുടർക്കഥയായിരുന്ന പുതുപൊന്നാനി ഹൈവേയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും,നാട്ടുകാർക്കും മേൽപ്പാലം അനുഗ്രഹമാകും.
കേരളത്തിൽ ആദ്യമായാണ് നാഷണൽ ഹൈവേ അതോറിറ്റി മേൽപ്പാല നിർമ്മാണത്തിന് മാനദണ്ഡങ്ങളിൽ ഇളവു വരുത്തുന്നത്. കെപി നൗഷാദ് അലി എംഎൽഎയുടെ രാഷ്‌ട്രീയ ഇടപെടൽ തീരുമാനത്തിൽ സഹായകമായി.ഇതോടെ സ്ഥല അപര്യാപ്തതയിൽ കുരുങ്ങി തടസ്സപ്പെട്ടു കിടക്കുന്ന നിരവധി ഫൂട് ഓവർ ബ്രിഡ്ജുകൾക്ക് ശാപമോക്ഷമാവും.







