ഹരിപ്പാട് :കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എട്ടാം ക്ലാസുകാരി പേരക്കുട്ടിയും 3 സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ.പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 13 കാരിയുടെ ക്വട്ടേഷനിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് (65) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകിട്ടാണ് ശിവൻകുട്ടിയെ അവസാനമായി അയൽവാസികൾ വീടിന് പുറത്തു കണ്ടത്. അന്നു രാത്രിയാകണം കൊലപാതകം നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.കൊലപാതകത്തിനുശേഷം പ്രതികൾ ദൃശ്യങ്ങൾ ഫോണിലൂടെ 13കാരിക്ക് കാണിച്ചു കൊടുത്തു.പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനായിരുന്നു ഇവർ ലക്ഷ്യമിട്ടതെന്നാണ് നിഗമനം. രണ്ടു ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി പേരക്കുട്ടി തന്നെയാണ് അയൽവാസികളെ അറിയിച്ചത്.പിന്നാലെ അവർ നടത്തിയ പരിശോധനയിലാണ് ശിവൻകുട്ടി ചെട്ടിയാരുടെ മൃതദേഹം കണ്ടെത്തിയത്.
ശിവൻകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് നിന്ന് ആഭരണങ്ങളും പണവും കവർന്നിരുന്നു.കൈകളും കാലും പിന്നിലേക്കു വലിച്ചു കെട്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് മുളകുപൊടി വിതറിയിരുന്നു. വീട്ടിലെ കിടക്കവിരികളും മറ്റും ഉപയോഗിച്ചാണു കൈകാലുകൾ കൂട്ടിക്കെട്ടിയിരുന്നത്. കിടപ്പുമുറിയിലെ അലമാര പൊളിച്ചിട്ടിരുന്നു.
മകളുടെ പ്രസവത്തിനായി ശിവൻകുട്ടിയുടെ ഭാര്യയും ആശുപത്രിയിലായിരുന്നു. വാടകവീട്ടിൽ ശിവൻകുട്ടിയും പേരക്കുട്ടിയും മാത്രമാണുണ്ടായിരുന്നത്. മറ്റൊരു മകൾ ശശികല വിദേശത്താണ്.വാടകവീടിനു സമീപം മക്കൾക്കുവേണ്ടി 2 വീടുകൾ പണിതു കൊണ്ടിരിക്കുകയാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ. ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും.







