കൊല്ലം∙കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരൻ മരിച്ച നിലയിൽ.പടനായർകുളങ്ങര തെക്ക് അറക്കൽ വീട്ടിൽ നൗഷാദ്– ഷമീമ ദമ്പതികളുടെ മകൻ ബിലാൽ (12) ആണ് മരിച്ചത്.കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.ശനിയാഴ്ച സ്കൂളിലെ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തശേഷം വീട്ടിലെത്തുകയും വൈകിട്ട് കൂട്ടുകാരുമൊത്ത് കളിക്കാനായി പുറത്തേക്ക് പോവുകയും ചെയ്ത ബിലാല്‍, തിരികെ വീട്ടിൽ എത്താത്തതിനെത്തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.അന്വേഷണത്തിൽ കായലിന്റെ വശത്തുകൂടി പാലത്തിന്റെ കീഴ്ഭാഗത്തേക്കു പോകുന്നത് പ്രദേശവാസി കണ്ടതായി അറിഞ്ഞു.
തിരച്ചിലിൽ ബിലാലിന്റെ സൈക്കിളും ധരിച്ചിരുന്ന വസ്ത്രവും ഒരു ചെരിപ്പും കായലിന്റെ സൈഡ് ഭിത്തിയിൽ വച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. അഗ്നിരക്ഷാസേനയും എൻഡിആർഎഫും കരുനാഗപ്പള്ളി പൊലീസും നാട്ടുകാരും ചേർന്ന് കായലിൽ ഏറെനേരം തിരച്ചിൽ നടത്തി. തുടർന്ന് അഗ്നിരക്ഷാസേനയുടെ സ്‌കൂബാ സംഘമാണ് തിങ്കളാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെടുത്തത്







