തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയർത്തി എലിപ്പനിയും മലേറിയയും ഇൻഫ്ളുവൻസയും വ്യാപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ 71 പേർക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതിൽ 36 രോഗികളും ഇടുക്കി ജില്ലയിലാണ്. ദേവികുളം, കട്ടപ്പന, സേനാപതി, കാഞ്ചിയാർ, കാമാക്ഷി, അയ്യപ്പൻകോവിൽ, ചിത്തിരപുരം, പള്ളിവാസൽ, വണ്ടൻമേട്, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലാണിത്.ഈവർഷം ഇതുവരെ 696 പേർക്ക് മലേറിയ ബാധിക്കുകയും മൂന്നുപേർ മരിക്കുകയുംചെയ്തു. തൃശ്ശൂർ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോട്, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്.
എലിപ്പനിയും വൈറൽ പനിയായ ഇൻഫ്ളുവൻസയും ഡെങ്കിയും ബാധിച്ച് ചികിത്സയിലെത്തുന്നവരുടെ എണ്ണവും കൂടി. പ്രതിദിനം, ശരാശരി നൂറോളം പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. ലക്ഷണങ്ങളോടെ ഈ മാസം ചികിത്സതേടിയ 2677 പേരിൽ 902 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചു.
ഈവർഷം ഇതുവരെ ഇൻഫ്ളുവൻസ ബാധിച്ച് 83 പേർ മരിച്ചു. എലിപ്പനി പിടിപെട്ട് 73 പേരും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 43 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 33 പേരും മരിച്ചു.








