ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് സർക്കാർ. ബജറ്റവതരണത്തിനിടെ ധനമന്ത്രി എൻ. മരിയ വിൽസൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം കാവേരി നദിയിൽ നിന്ന് അർഹതപ്പെട്ട ജലം തമിഴ്നാട് നേടിയെടുക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തിനിടെ വ്യക്തമാക്കി.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താനുള്ള അനുമതി നേരത്തെതന്നെ സുപ്രീം കോടതി തമിഴ്നാടിന് നൽകിയിരുന്നു. എന്നാൽ കേരളം ഉന്നയിച്ച ആശങ്കയുടെ അടിസ്ഥാനത്തിൽ ഇത് 136 അടി എന്നതിൽ പരിമിതപ്പെടുത്തി നിർത്തിയിരിക്കുകയാണ്. നിലവിലെ പ്രഖ്യാപനത്തോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതടക്കമുള്ള നടപടികളിലേക്ക് തമിഴ്നാട് സർക്കാർ കടന്നേക്കുമെന്നാണ് സൂചന.
കർണാടകയും തമിഴ്നാടും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളിൽ ഒന്നായ കാവേരിയിൽ നിന്ന് അർഹമായ ജലം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.








