പാലക്കാട്: ഷൊര്‍ണൂരിലെ അടച്ചിട്ട വീട്ടില്‍ നടന്ന മോഷണത്തില്‍ വമ്പന്‍ ട്വിസ്റ്റ്. 65 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയെന്നായിരുന്നു പരാതി. ത്രാങ്ങാലി സ്വദേശി ബാലകൃഷ്ണന്റെ പരാതിയില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും അടക്കം സ്ഥലത്തെത്തിയായിരുന്നു പരിശോധന. പൊലീസ് പരിശോധനയ്ക്ക് പുറമെ വീട്ടുകാര്‍ തന്നെ നടത്തിയ പരിശോധനയിലാണ് അലമാരയില്‍ നിന്നും കാണാതായ സ്വര്‍ണം തിരിച്ചുകിട്ടിയത്. ഒരു ലക്ഷം രൂപയും വാച്ചും മാത്രമാണ് നിലവില്‍ നഷ്ടപ്പെട്ടതെന്ന് ഉടമ പൊലീസിനെ അറിയിച്ചിരിക്കുന്നത്.ബാലകൃഷ്ണന്‍ ഇന്നലെ രാത്രി വീടുപൂട്ടി കവളപ്പാറയിലുള്ള മകളുടെ വീട്ടില്‍ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത് എന്നായിരുന്നു ആരോപണം. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും പൊലീസിന് കണ്ടെത്താനായില്ല. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് കുടുംബം അലമാരയില്‍ തിരച്ചില്‍ നടത്തുന്നതും സ്വര്‍ണം കണ്ടെത്തുന്നതും.