തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണശാലയിലുണ്ടായ അപകടത്തിൽ കാണാതായ നാലു പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി സൂചന. അപകട സ്ഥലത്തുനിന്ന് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിൽ നാലു പേരേയും തിരിച്ചറിഞ്ഞതായാണ് ജില്ലാ ഭരണകൂട വൃത്തങ്ങൾ നൽകുന്ന സൂചന.ഇതിനിടെ ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ കൂടി ഞായറാഴ്ച രാത്രിയോടെ മരിച്ചു.ഇതോടെ,അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം ഔദ്യോഗികമായി 16 ആയി.അപകടത്തെത്തുടർന്ന് കാണാതായ ഗിരീഷ് (കോട്ടപ്പുറം), അഭിജിത്ത് (അബി – കോട്ടപ്പുറം), വിഷ്ണു (മണക്കുടി), സുരേഷ് സി.എ (കോട്ടപ്പുറം) എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചിട്ടുള്ളത്. ഇക്കാര്യം ജില്ലാ ഭരണകൂടം നാളെ സ്ഥിരീകരിച്ചേക്കും. അതിനിടെ, ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള ചിലരുടെ നില മെച്ചപ്പെടുന്നതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.20ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വെടിക്കെട്ട് പുര പൂർണമായും തകരുകയും കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. 132 ശരീരഭാഗങ്ങളാണ് സംഭവസ്ഥലത്തുനിന്നും പരിസരത്തെ പറമ്പുകളിൽ നിന്നുമായി രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായിരുന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമാണത്തിന്റെ ചുമതലക്കാരൻ മുണ്ടത്തിക്കോട് സതീശും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു
തിരുവമ്പാടി ദേവസ്വവുമായും ഉത്സവ കമ്മിറ്റിയുമായും ചേർന്ന് പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഗിരീഷ്. അപകടത്തിൽ കാണാതായ വിവരം പുറത്തു വന്നതിന്റെ പിറ്റേന്ന് ഗിരീഷിന്റെ അമ്മ മരിച്ചിരുന്നു. വെടിക്കെട്ട് നിർമാണ സാമഗ്രികളുടെ ജോലിയിൽ ഏർപ്പെട്ടിരുന്നവരും സമീപത്തുണ്ടായിരുന്നവരുമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിപ്പോയതിനാൽ ഡിഎൻഎ പരിശോധനയിലൂടെയും ശരീരത്തിലുണ്ടായിരുന്ന അടയാളങ്ങൾ വച്ചുമാണ് ഔദ്യോഗിക സ്ഥിരീകരണത്തിലേക്ക് അധികൃതർ നീങ്ങുന്നത്. നിലവിൽ മരണം സ്ഥിരീകരിച്ചവരിൽ മുതുതല സ്വദേശി പ്രവീൺ (45), പഴയന്നൂർ സ്വദേശി സുദർശനൻ (54), വടക്കാഞ്ചേരി സ്വദേശി വാസുദേവൻ (54), കുന്നംകുളം സ്വദേശി സുബിൻ (45), കാക്കശ്ശേരി സ്വദേശി മണികണ്ഠൻ (60), കോട്ടപ്പുറം സ്വദേശി മണികണ്ഠൻ (33) എന്നിവരും ഉൾപ്പെടുന്നു. പരുക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.






