ഇടുക്കി:നിയന്ത്രണംവിട്ടെത്തിയ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് തൂക്കുപാലത്തിന് സമീപമുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി പത്ത് മണിയോടുകൂടിയുണ്ടായ അപകടത്തില്‍ രാമക്കല്‍മേട് സ്വദേശിയും തൂക്കുപാലത്തെ വ്യാപാരിയുമായ ജയലാല്‍ (40) ആണ് മരിച്ചത്. രാമക്കല്‍മേട് ബാലന്‍പിള്ള സിറ്റി ഭാഗത്തുനിന്നും ബൈക്കില്‍ വരികയായിരുന്നു ജയലാല്‍. തൂക്കുപാലം ഭാഗത്തുവെച്ച് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ജയലാലിന് ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്ന ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ജയലാലിനെ ആദ്യം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും, നില ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ കട്ടപ്പനയിലെ വിദഗ്ധ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ ഇവിടെ എത്തുന്നതിന് മുന്‍പേ തന്നെ മരണം സംഭവിക്കുകയായിരുന്നു. തൂക്കുപാലം ടൗണില്‍ വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു ജയലാല്‍. പ്രദേശത്തെ സാമൂഹിക-വ്യാപാര രംഗങ്ങളില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കള്‍ക്കും വ്യാപാരികള്‍ക്കും വലിയ ആഘാതമായി. മൃതദേഹം ഇപ്പോള്‍ കട്ടപ്പനയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും







