സഹകരണ വകുപ്പില്‍ അഴിമതിക്ക് ശ്രമം നടന്നെന്ന ആരോപണം ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ ഉന്നയിച്ച വിഷയത്തില്‍ ഹൈക്കോടതി സ്‌റ്റേ വന്നതുതന്നെ ഇതില്‍ കാര്യമുണ്ടെന്ന് കോടതിക്കും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയും സഹകരണവകുപ്പ് മന്ത്രിയും പറഞ്ഞ വിശദീകരണങ്ങളില്‍ വൈരുധ്യമുണ്ട്. ടിസിഎസ് പിന്മാറിയതിനാല്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പക്ഷേ ഒറ്റയാള്‍ മാത്രം വന്നതിനാലാണ് വീണ്ടും ടെന്‍ഡര്‍ വിളിച്ചതെന്നാണ് മന്ത്രി പറയുന്നത്. പദ്ധതി സോഫ്‌റ്റ്വെയര്‍ രംഗത്ത് യാതൊരു പരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണസംഘത്തിന് നല്‍കിയതെന്തിനെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.
ശബരിമല വിഷയത്തിലുള്‍പ്പെടെ സര്‍ക്കാര്‍ വലിയ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായിട്ടും നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. അവരെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. എന്നാല്‍ മറുവശത്ത് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്തു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിലും വൈരുധ്യമുണ്ട്. ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്ക് സമര്‍പ്പിക്കാന്‍ ഇപ്പോഴും സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി







