ചേലക്കരയിൽ ചേല്ക്കാട്ടി മുന്നേറുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. ലീഡ് പതിനായിരം കടന്നതോടെ വിജഘോഷത്തിലാണ് പ്രവർത്തകർ. ചേലക്കരയിലെ ജനങ്ങൾ ഒരിക്കലും ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ലെന്നാണ് യു ആര്‍ പ്രദീപിന്‍റെ ആദ്യ പ്രതികരണം.ഇപ്പോഴിതാ യു ആർ പ്രദീപിന്റെ ലീഡിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ എന്ന് പ്രഖ്യാപിച്ച് LDF സർക്കാരിനെ പിന്തുണച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ അഭിവാദ്യം അർപ്പിച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല.അതേസമയം, മൂന്നാം വട്ടവും ഇടതുപക്ഷ ഭരണം ഉണ്ടാകുമെന്ന് തെളിയിക്കുന്ന ജനവിധിയാണ് ചേലക്കരയിലുണ്ടായതെന്ന് കെ രാധാകൃഷ്ണൻ എം പി പ്രതികരിച്ചു. ഭൂരിപക്ഷം 10,000 കടക്കും. ഇനി എണ്ണാനുളള പഞ്ചായത്തുകളിലും ലീഡ് ചെയ്യും. 2016 നേക്കാൾ ഭൂരിപക്ഷം യു.ആർ പ്രദീപ് നേടും. ഒന്നാം വട്ടവും എൽഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വരുമെന്ന് തെളിയിക്കുന്നതാണ് ചേലക്കരയിലെ ജനവിധി. ജനങ്ങൾക്ക് ഭരണവിരുദ്ധതയില്ല, അത് പറഞ്ഞുണ്ടാക്കുകയാണ്. ഭരണത്തിന്റെ നേട്ടം അനുഭവിച്ചറിഞ്ഞ ആളുകൾ ഇടതുപക്ഷത്തിനൊപ്പം അണിചേരുമെന്നും അദ്ദേഹം പ്രതികരിച്ചു.