വിമാന അപകടത്തില്‍ അന്തരിച്ച മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത്ത് പവാറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ബാരാമതിയിലെ വിദ്യാ പ്രതിഷ്സ്ഥാന്‍ മൈതാനത്ത് രാവിലെ 11 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍.പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഉപമുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡ തുടങ്ങിയവര്‍ ഇന്നലെ തന്നെ ബാരാമതിയില്‍ എത്തിയിരുന്നു. ദുരന്തത്തെ തുടര്‍ന്ന് മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
അതേസമയം, അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി. വിദഗ്ധസംഘം ഇന്നലെ അപകടം നടന്ന ബാരാമതി വിമാനത്താവളത്തിലേക്ക് എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ച് വ്യോമസേന ബാരാമതി എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.അജിത്ത് പവാറിനൊപ്പം അപകടത്തില്‍ മരിച്ച മറ്റ് നാലുപേരുടെ മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
അപകട സ്ഥലത്തെ അവശിഷ്ടങ്ങള്‍ സൂക്ഷമമായി പരിശോധിക്കുകയാണ് ഡിജിസിഎ. പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങള്‍ അടങ്ങിയ കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡര്‍ പരിശോധിക്കും. എടിസിയുമായി നടത്തിയ ആശയവിനിമയങ്ങളും പരിശോധിക്കും.
അതേസമയം, അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയെങ്കിലും വിമാനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കിയ ദുരന്തത്തില്‍ അജിത് പവാറിനൊപ്പം അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. മറ്റ് നാലുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അജിത് പവാര്‍ അടക്കം ഇവരില്‍ രണ്ട് പേര്‍ പൈലറ്റുമാരും രണ്ട് പേര്‍ യാത്രക്കാരുമായിരുന്നു.
ലാന്‍ഡിംഗിനിടെ തകര്‍ന്നുവീണ വിമാനം നിമിഷങ്ങള്‍ക്കകം കഷണങ്ങളായി ചിന്നിച്ചിതറുന്നതാണ് വീഡിയോയിലുള്ളത്. റണ്‍വേ ലക്ഷ്യമാക്കി താഴ്ന്നിറങ്ങിയ വിമാനം നിയന്ത്രണം വിട്ട് നിലംപതിക്കുകയും വലിയ സ്‌ഫോടനത്തോടെ തകരുകയുമായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വിമാനം നിലത്ത് പതിച്ച ആഘാതത്തില്‍ എന്‍ജിനും മറ്റ് ഭാഗങ്ങളും വേര്‍പെട്ട് ദൂരേക്ക് തെറിച്ചുപോയി. ഇതിന് പിന്നാലെ വിമാനം പൂര്‍ണ്ണമായും തീപിടുത്തത്തില്‍ അമരുകയായിരുന്നു. അജിത് പവാറിന്റെ മൃതദേഹം ഉടന്‍ വസതിയിലേക്ക് കൊണ്ടുപോകും








