രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പടെ ക്രമക്കേടുകൾ വെളിപ്പെടുത്തിയ സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഇന്ന് ചേരുന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം നടപടി തീരുമാനിക്കും. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സാധ്യത.
മേൽ കമ്മിറ്റിയുടെ അനുമതിയോടെ ആകും നടപടി പ്രഖ്യാപിക്കുക. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം അടക്കം പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽ ക്രമക്കേട് നടന്നിട്ടില്ല എന്ന് വരുത്തിതീർക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. അന്വേഷണ കമ്മിഷൻ തള്ളിയ ആരോപണം വീണ്ടും ഉന്നയിച്ചതിന് പിന്നിൽ വിഭാഗീയ പ്രവർതനങ്ങൾ എന്ന് സ്ഥാപിക്കാനാണ് പാർട്ടി ശ്രമം. അതിനിടെ പയ്യന്നൂർ എംഎൽഎ ടി എ മധുസൂധനന്റെ രാജി ആവശ്യപ്പെട്ടു കോൺഗ്രസ് നടത്തിയ പ്രകടനത്തിൽ സംഘർഷം ഉണ്ടായി.
അതേസമയം, എന്നാൽ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളുകയാണ് സിപിഎം നേതൃത്വം. പാർട്ടിയെ തകർക്കാനാണ് നീക്കമെന്നും താൻ ഒഴികെ മറ്റെല്ലാവരും കള്ളന്മാർ എന്ന് സ്ഥാപിക്കാനാണ് കുഞ്ഞികൃഷ്ണന്റെ ശ്രമമെന്നുമാണ് എം വി ജയരാജൻ പ്രതികരിച്ചത്. തന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ നേതൃത്വം തയ്യാറാകണമെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു.







