ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന് ജാമ്യമില്ല. എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഇടപെടാന്‍ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന പരാമര്‍ശവും നടത്തിതിരുവാഭരണം കമ്മീഷണര്‍ അല്ല താന്‍ എന്ന് വാസു കോടതിയില്‍ വാദിച്ചു. 77 ദിവസം ആയി കസ്റ്റഡിയില്‍ എന്നും അറിയിച്ചു. എന്നാല്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന പരാമര്‍ശത്തിന് താന്‍ കമ്മീഷണര്‍ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ മറുപടി.സ്വര്‍ണപ്പാളികളില്‍ വീണ്ടും സ്വര്‍ണം പൂശിയത് എന്തിനെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കവര്‍ച്ച സമയത്ത് ചുമതലയിലുണ്ടായിരുന്ന ആളാണ് എന്‍ വാസുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജാമ്യം തേടി വിചാരണക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീല്‍. അന്വേഷണവുമായി താന്‍ പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട്, ആ സാഹചര്യത്തില്‍ തന്നെ കൂടുതല്‍ നാള്‍ കസ്റ്റഡിയില്‍ വെയ്‌ക്കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാസുവിന്റെ വാദം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു.







