കൊച്ചി കളമശ്ശേരിയിൽ വാതക ടാങ്കർ മറിഞ്ഞത് ആശങ്കയായി . ബിപിസിഎല്ലിന്‍റെ കൊച്ചിൻ റിഫൈനറിയിൽ നിന്നും പ്രൊപ്പിലീൻ വാതകം നിറച്ചു കൊണ്ടു പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. കളമശ്ശേരി ടിവിഎസ് കവലയിൽ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. ക്രൈൻ ഉപയോഗിച്ച് ലോറി ഉയർത്താൻ ശ്രമിക്കുന്നതിനിടെ ടാങ്കറിൽ നിന്നും വാതകചോർച്ച ഉണ്ടായതാണ് ആശങ്കയുടെ മണിക്കൂറുകൾ സൃഷ്ടിച്ചത്.
വാതകം ചോർന്നതിനെ തുടർന്ന് കളമശ്ശേരിയിൽ ഏർപ്പെടുത്തിയ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയെത്തി വാതക ചോർച്ച പരിഹരിച്ചു. ഗതാഗത നിയന്ത്രണവും പുനസ്ഥാപിച്ചു. തൃശ്ശൂരിൽ നിന്ന് ക്യാബിൻ എത്തിച്ച ശേഷമായിരിക്കും ടാങ്കർ റോഡിൽ നിന്ന് മാറ്റുക. നിലവിൽ വാഹനഗതാഗതത്തിന് തടസമില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ചോർച്ച പൂർണ്ണമായും അടച്ചു എന്നും അഗ്നിരക്ഷാസേനയും പൊലീസും വ്യക്തമാക്കി