പൊന്നാനി:പൊന്നാനിയിൽ വര്‍ദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നഗരസഭയും, തദ്ദേശ സ്വയംഭരണവകുപ്പും, സർക്കാറും സമയബന്ധിതമായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭ കൗൺസിലിന്റെ ആദ്യ യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ആവശ്യപ്പെട്ടു.1991 ൽ വി.പി. ഹുസൈൻ കോയ തങ്ങൾ ചെയർമാനായിരിക്കെ ജേസീസിന്റെ സഹായത്തോടെ നടത്തിയ ഏഷ്യയിലെ തന്നെ ആദ്യത്തെ ഓപ്പറേഷൻ സീറോ റാബീസ് യജ്ഞം മാതൃകയിൽ എല്ലാ വിഭാഗം സംഘടനകളെയും, ജനങ്ങളെയും അണിനിരത്തി നഗരസഭ രണ്ടാം ഘട്ടം ആരംഭിക്കണമെന്നും ടി. കെ. അഷറഫ് ആവശ്യപ്പെട്ടു.
നായ ശല്യം കാരണം നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലും ജനങ്ങൾ ഭയപ്പാടോടെയാണ് ജീവിക്കുന്നത്.കുട്ടത്തോടെയാണ് നായ്ക്കളുടെ സ്വൈര്യവിഹാരം.
ജനങ്ങൾക്ക് റോഡിലേക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വീടുകളിലെ അകത്തേക്ക് വരെ നായക്കളുടെ ആക്രമണം ഉണ്ടാകുന്നു.ലക്ഷങ്ങളും കോടികളും ചില വഴിച്ച് നിർമ്മിച്ച മനോഹര വീടുകൾക്ക് മുൻപിലടക്കം വല കെട്ടിയാണ് നായ ശല്യത്തെ വീട്ടുടമകൾ പ്രതിരോധിക്കുന്നത്.
പൊന്നാനിയിലെ വിവിധ പ്രദേശങ്ങളില്‍ നായ ശല്യം മൂലം കുട്ടികൾ, വയോധികർ, സ്ത്രീകളും, മുതിർന്നവരും അടക്കം അക്രമണത്തിന് ഇരയാകുന്നു.തെരുവ് നായകളുടെ എണ്ണവും ആക്രമണവും ക്രമാതീതമായി പെരുകുമ്പോഴും നഗരസഭയും,തദ്ദേശ സ്വയംഭരണവകുപ്പും, സര്‍ക്കാരും കാഴ്ച്ചക്കാരായി നോക്കി
നില്‍ക്കുകയാണ്.തെരുവ് നായകളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സയും, അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണം.നായ ശല്യം പരിഹരിക്കുന്നതിനായി സുപ്രീം കോടതി പറയുന്ന തരത്തിലുള്ള ഷെല്‍ട്ടര്‍ ഹോം തുടങ്ങുവാൻ നഗരസഭ സമയബന്ധിമായ നടപടി സ്വീകരിക്കണമെന്നും ടി.കെ. അഷറഫ് ആവശ്യപ്പെട്ടു.











