കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് സംവിധായകനും നടനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർ. മത്സരിച്ചേക്കുമെന്ന വാർത്തകൾ തന്റെ അറിവിൽ വരുന്നതല്ലെന്ന് അഖിൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം. അതിനായി തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും അഖിൽ വ്യക്തമാക്കി.’ഞാൻ ഈ മാസം നടക്കാൻ പോകുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. സിനിമ സംവിധാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് അതിനുശേഷം. ഇതിനിടയിൽ നിരവധി സ്‌നേഹമുള്ള കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഞാൻ രാഷ്ട്രീയത്തിലേക്കുവരണമെന്ന് ആവശ്യപ്പെടുന്നുണ്ട്’, അഖിൽ മാരാർ കുറിച്ചു.’എന്റെ ആഗ്രഹം കോൺഗ്രസ് അധികാരത്തിലെത്തണമെന്നാണ്. അതിനായി എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പാർട്ടിക്കുവേണ്ടി ചെയ്യും. ആര് മുഖ്യമന്ത്രിയായാലും എനിക്ക് അടുപ്പമുള്ള ഒരാളാവുമെന്നത് എന്റെ വ്യക്തിപരമായ സന്തോഷം. ഓരോ മണ്ഡലത്തിലും ജയസാധ്യത ലക്ഷ്യംവെച്ചു അർഹതയുള്ളവരെ കണ്ടെത്തി കോൺഗ്രസ് ജയിപ്പിക്കട്ടെ’, അഖിൽ അഭിപ്രായപ്പെട്ടു.’ആവശ്യത്തിനും അനാവശ്യത്തിനുമുള്ള പബ്ലിസിറ്റി, മാന്യമായി ജീവിക്കാനുള്ള സാമ്പത്തിക ഭദ്രത, ധാരാളം രാഷ്ട്രീയ ബന്ധങ്ങളുമുള്ള എനിക്ക് ഭാവി സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകാനുള്ള മാർഗമറിയാം. ഒരു വാർത്തയും എന്റെ അറിവിൽ വരുന്നതല്ല. എന്നോടുള്ള സ്‌നേഹംകൊണ്ട് വരുന്ന വാർത്തയുമല്ല’, അഖിൽ കൂട്ടിച്ചേർത്തു.











