ആന്ധ്രയില്‍ വിശാഖപട്ടണത്തിന് സമീപം എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനില്‍ തീപിടിത്തം. ടാറ്റാ നഗര്‍ – എറണാകുളം എക്സ്പ്രസിലാണ് തീപിടിത്തം ഉണ്ടായത്. ഒരാള്‍ മരിച്ചു. വിജയവാഡ സ്വദേശി ചന്ദ്രശേഖര്‍ സുന്ദരമാണ് മരിച്ചത്. രണ്ട് ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. വിശാഖപട്ടണത്തുനിന്ന് 66 കിലോമീറ്റർ അകലെയുള്ള യെലമഞ്ചിലിയിലാണ് തീപിടിത്തം ഉണ്ടായത്.
പുലർച്ചെ 12:45-നാണ് തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.ബി 1, എം 2 ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ട്രെയിനിന് തീപിടിക്കുമ്പോൾ അപകടത്തിൽപ്പെട്ട ഒരു കോച്ചിൽ 82 യാത്രക്കാരും മറ്റൊന്നിൽ 76 പേരും ഉണ്ടായിരുന്നുവെന്ന് റയില്‍വേ അധികൃതര്‍ പറഞ്ഞു
കേടുപാടുകൾ സംഭവിച്ച രണ്ട് കോച്ചുകളും വേർപെടുത്തിയ ശേഷം ട്രെയിൻ എറണാകുളത്തേക്ക് യാത്ര തുടർന്നു. ഈ കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കും. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി രണ്ട് ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തിവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.











