ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കളമശേരിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. പെരുമ്പാവൂർ സ്വദേശി ജെയ്സി ഏബ്രഹാമിനെ (55) ആണ് കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെന്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.
കാനഡയിൽ ജോലിയുള്ള ഏക മകൾ അമ്മയെ ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജെയ്സിയുടെ മൊബൈൽ ഫോൺ കണ്ടെത്താനായില്ല. ഇത് കവർച്ച ചെയ്യപ്പെട്ടതാണോ എന്നു പൊലീസിനു സംശയമുണ്ട്. റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ സജീവമായിരുന്നു ജെയ്സി ഏബ്രഹാം. അതുകൊണ്ടു തന്നെ അത്തരത്തിലൊരു തർക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിനു കൊലപാതകമാണോ എന്ന് സംശയമുണ്ടായിരുന്നു. മുഖത്ത് വികൃതമായ രീതിയിലായിരുന്നു പരുക്കേറ്റിരുന്നത്. മർദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയെ കണ്ടുപിടിക്കാൻ ഫ്ലാറ്റിൽ സ്ഥിരമായി വന്നുപോവുന്നവരെയും സിസിടിവിയും കേന്ദ്രീകരിച്ചാണ് അന്വേഷണം.