ചങ്ങരംകുളം:പൊന്നാനിയിലെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേസില്‍ മൂന്ന് പ്രതികളെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു.തമിഴ്നാട് ശിവകാശി സ്വദേശികളായ ജഹാംഗീർ, പൊൻ പാണ്ടി, പരമശിവം എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേസില്‍ മുമ്പ് അറസ്റ്റിലായ ധനീഷ് എന്ന ഡാനി,സൈനുല്‍ ആബ്ദീൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന്റെ ഭാഗമായി ശിവകാശിയിൽ കൊണ്ടുപോയി നടത്തിയ അന്വേഷണത്തിലാണ് കൂട്ടുപ്രതികളായ മൂന്ന് പേര്‍ കൂടി പിടിയിലായത്.ജഹാംഗീർ പേപ്പറുകളും മറ്റും സംഘടിപ്പിച്ചു കൊടുക്കുകയും,പരമശിവം സീലുകൾ നിർമ്മിച്ചു നൽകുകയുംപൊൻ പാണ്ടി സർട്ടിഫിക്കറ്റുകൾക്ക് ആവശ്യമായ ഹോളോഗ്രാം സ്റ്റിക്കറുകൾ എന്നിവ നിർമ്മിച്ചു നൽകുകയും ചെയ്യുന്നവരാണെന്ന് പൊന്നാനി സിഐ അഷറഫ് പറഞ്ഞു.പിടിയിലായ മൂന്നു പേരെയും കോടതിയിൽ ഹാജരാക്കും.പൊന്നാനി സിഐ എസ് അഷ്റഫിന്റെ നേതൃത്വത്തിൽ എസ്ഐ ആന്റോ ഫ്രാൻസിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ വിശ്വം,ശ്രീജിത്ത്,സനീഷ്, എ എസ് ഐ നൗഷാദ് എന്നിവരാണ് പ്രതികളെ ശിവകാശിയിൽ നിന്നും അറസ്റ്റ് ചെയ്തത്.











