കൊല്‍ക്കത്ത: ബംഗാള്‍ കായികമന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു. മെസി പങ്കെടുത്ത പരിപാടിയിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് അരൂപ് ബിശ്വാസ് രാജിവച്ചത്. സംഭവത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിനായി രാജിവെക്കുന്നു എന്നായിരുന്നു അരൂപ് ബിശ്വാസിന്റെ വിശദീകരണം. മെസി പങ്കെടുത്ത പരിപാടിയിലുണ്ടായ സംഘര്‍ഷത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് കായികമന്ത്രി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് രാജിക്കത്ത് നല്‍കിയത്.പരിപാടിയുടെ നടത്തിപ്പിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് ബംഗാള്‍ സര്‍ക്കാര്‍ ഭരണപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മമത ബാനര്‍ജി ഉന്നതതല അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡിസംബര്‍ 15ന് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പശ്ചിമ ബംഗാള്‍ ഡിജിപി രാജീവ് കുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സ്‌റ്റേഡിയത്തിന് അകത്തേക്ക് വെള്ളക്കുപ്പികള്‍ കൊണ്ടുവരാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ അടിസ്ഥാന നടപടികളില്‍ പോലും ഗുരുതര ലംഘനം നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ചു പേരെ തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു.ഗോട്ട് ഇന്ത്യ ടൂര്‍ 2025ന്റെ ഭാഗമായി ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മെസി കൊല്‍ക്കത്തയിലെത്തിയത്. ഇന്റര്‍ മയാമിയില്‍ മെസിയുടെ സഹതാരങ്ങളായ യുറഗ്വായ് താരം ലൂയി സുവാരസ്, അര്‍ജന്റീന താരം റോഡ്രിഗോ ഡി പോള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാവിലെ 11.15നാണ് മെസി എത്തിയത്.മെസിയെ കാണാനായി രാവിലെ മുതല്‍ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. 5000 മുതല്‍ 25000 രൂപയായിരുന്നു ടിക്കറ്റുകള്‍ക്ക്. എന്നാല്‍ മെസി ഗ്രൗണ്ടില്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് ചെലവഴിച്ചത്. വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും മെസ്സിയെ പൊതിഞ്ഞുനില്‍ക്കുക കൂടി ചെയ്തതോടെ ആരാധകര്‍ക്ക് കാണാന്‍ സാധിച്ചില്ല. ഇതില്‍ രോഷാകുലരായ കാണികള്‍ സ്റ്റേഡിയത്തിലേക്ക് കുപ്പി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എറിയുകയും കസേരകളും ബാനറുകളും തല്ലിത്തകര്‍ക്കുകയുമായിരുന്നു.











