ശബരിമലയിൽ ഏഴ് പൊലീസുകാർക്ക് എലിയുടെ കടിയേറ്റു. സന്നിധാനം പൊലീസ് ബാരക്കിൽ ഉറങ്ങുന്നതിനിടെ ആണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഡ്യൂട്ടിക്ക് ശേഷം ബാരക്കിലെത്തി വിശ്രമിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഇതിനിടെയാണ് എലിയുടെ കടിയേറ്റത്. ഇവർ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.നിലവിൽ ചികിത്സ തേടിയ ഉദ്യോഗസ്ഥർ ഇന്ന് ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചു. നേരത്തെ പൊലീസുകാരുടെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഈ ഘട്ടത്തിലാണ് ഉദ്യോഗസ്ഥർക്ക് എലിയുടെ കടിയേറ്റത്. അതേസമയം ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിച്ചു. വൃശ്ചികമാസത്തിന്റെ മൂന്നാം ദിനം 70,000 ന് മുകളിൽ തീർത്ഥാടകരാണ് ശബരിമലയിൽ എത്തിയത്. സ്പോട്ട് ബുക്കിങ് വഴി എത്തിയത് 5000 ഓളം പേരും , പുല്ലുമേട് വഴി 180 പേരുമാണ് സന്നിധാനത്ത് എത്തിയത്.പതിനെട്ടാം പടിയിലെ പോലീസിന്റെ ഡ്യൂട്ടി സമയം കുറയ്ക്കാനുള്ള തീരുമാനം വിജയം കണ്ടിട്ടുണ്ട്. 20 മിനിറ്റ് ഡ്യൂട്ടി സമയം 15 മിനിറ്റായിട്ടാണ് കുറച്ചിരിക്കുന്നത്. പതിനെട്ടാം പടിയിലൂടെ മിനിറ്റിൽ 80 പേരെ വരെ കടത്തിവിടാൻ പോലീസിന് കഴിയുന്നുണ്ട്. അതിനാൽ ഭക്തർക്ക് ഏറെ നേരം ക്യൂ നിൽക്കേണ്ടിയും വരുന്നില്ല. വിർച്വൽ ക്യൂ വഴി ക്രമീകരിച്ചിരിക്കുന്നതിനാൽ പമ്പ മുതലേ തിക്കും തിരക്കുമില്ലാതെ ഭക്തർക്ക് സന്നിധാനത്ത് എത്താം.