കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കും 20 വര്‍ഷത്തെ തടവുശിക്ഷയ്ക്കു പുറമെ, 50,000 രൂപ വീതം പിഴയും വിധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ്. കൂട്ടബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണിത്. ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളായ എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ക്കാണ് കോടതി 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുന്നത്. കൃത്യത്തില്‍ പങ്കാളിയായവര്‍1. പള്‍സര്‍ സുനി (ഒന്നാംപ്രതി)2. മാര്‍ട്ടിന്‍ ആന്റണി (രണ്ടാംപ്രതി)3. ബി. മണികണ്ഠന്‍ (മൂന്നാംപ്രതി)4. വി.പി. വിജീഷ് (നാലാംപ്രതി)5. എച്ച്. സലിം (അഞ്ചാംപ്രതി)6. പ്രദീപ് ( ആറാംപ്രതി)പ്രതികള്‍ റിമാന്‍ഡ് തടവുകാരായി കഴിഞ്ഞ കാലയളവ് ശിക്ഷയില്‍നിന്ന് ഇളവ് ചെയ്യണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഈ ആവശ്യം കോടതി അംഗീകരിച്ചു. ഇതോടെ പ്രതികള്‍ വിചാരണത്തടവ് കുറഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി. ഇതനുസരിച്ച് ഏഴര വര്‍ഷം വിചാരണത്തടവില്‍ കഴിഞ്ഞ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഇനി പന്ത്രണ്ടര വര്‍ഷം കൂടി ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. ഇതോടെ കേസില്‍ ശിക്ഷ കഴിഞ്ഞ് ആദ്യം പുറത്തിറങ്ങുന്നയാളും സുനിയായിരിക്കും.രണ്ടാം പ്രതി മാര്‍ട്ടില്‍ ഇനി 13 വര്‍ഷം തടവില്‍ കഴിയണം. വിചാരണത്തടവുകാരനായി ഏഴു വര്‍ഷം മാര്‍ട്ടിന്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാം പ്രതി ബി. മണികണ്ഠനും നാലാം പ്രതി വി.പി. വിജീഷും 16 കൊല്ലവും ആറു മാസവും തടവുശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി സലിമും ആറാം പ്രതി പ്രദീപും 18 വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. പരോളും അവധി ദിവസങ്ങളും കുറയ്ക്കുമ്പോള്‍ പ്രതികളുടെ ശിക്ഷ കാലയളവില്‍ ഇനിയും കുറവ് വരും.








