കൊൽക്കത്ത: ‘ആനന്ദത്തിന്റെ നഗരം’ ശനിയാഴ്ച ആഘോഷത്തിന്റെ ആൾക്കടലാകും. ലോക ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളായ സാക്ഷാൽ ലയണൽ മെസ്സിയും സംഘവും ശനിയാഴ്ച കൊൽക്കത്തയുടെ മണ്ണിൽ പറന്നിറങ്ങുമ്പോൾ അവർ ആഘോഷിക്കാതിരിക്കുന്നതെങ്ങനെ? സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന കൊൽക്കത്ത നഗരം മെസ്സിയുടെ 70 അടി ഉയരമുള്ള പ്രതിമ നിർമിച്ച് അദ്ദേഹത്തെ കാത്തിരിക്കുന്നു.
ഇതിഹാസതാരങ്ങളായ പെലെയും മാറഡോണയും കൊൽക്കത്ത സന്ദർശിച്ചിട്ടുണ്ട്. ഫുട്‌ബോളിനെ ഹൃദയത്തിലേറ്റിയ ആരാധകർക്ക് അതിനൊപ്പം ചേർത്തുവെക്കാവുന്ന മുഹൂർത്തമാകും മെസ്സിയുടെ വരവ്.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ കൊൽക്കത്തയിലാണ് മെസ്സി വിമാനമിറങ്ങുക. ഇപ്പോഴത്തെ ക്ലബ്ബായ ഇന്റർ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും കൂടെയുണ്ടാകും. വിവിധ പരിപാടികൾക്കുശേഷം ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്കു തിരിക്കും. അവിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ളവർക്കൊപ്പം ചില പരിപാടികളിൽ പങ്കെടുത്തശേഷം ഞായറാഴ്ച ഉച്ചയോടെ മുംബൈയിലെത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങും.
കൊൽക്കത്തയിലെ ശ്രീഭൂമി സ്പോർട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലേക്ക് ടൗൺ ഏരിയയിലാണ് ഭീമൻ മെസ്സി പ്രതിമ നിർമിച്ചത്. 20 അടിയുള്ള തറ ഉൾപ്പെടെ 70 അടിയുള്ള നിർമിതി ലോകത്തെ ഏറ്റവും വലിയ മെസ്സി പ്രതിമയാണെന്ന് സംഘാടകർ പറയുന്നു. 2022 ഖത്തർ ലോകകപ്പിൽ ജേതാക്കളായ അർജന്റീനാ ടീമിനുവേണ്ടി കിരീടം ഏറ്റുവാങ്ങി സന്തോഷം പ്രകടിപ്പിക്കുന്ന മെസ്സിയുടെ ദൃശ്യമാണ് പ്രതിമയിലുള്ളത്. കൊൽക്കത്തയിൽവെച്ച് ഓൺലൈനായി മെസ്സി അനാച്ഛാദനം ചെയ്യും.
ശില്പി മോണ്ടി പോളിന്റെ നേതൃത്വത്തിലുള്ള 45 അംഗ സംഘം 27 ദിവസം ജോലിചെയ്താണ് പ്രതിമ നിർമിച്ചത്. അവസാന മിനുക്കുപണികൾ തുടരുന്നു. ബംഗാൾ കായികമന്ത്രിയും ശ്രീഭൂമി സ്പോർട്ടിങ് ക്ലബ്ബിന്റെ പ്രസിഡന്റുമായ സുജിത് ബോസും പിന്നണിയിലുണ്ട്.
സ്പോർട്‌സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് ‘GOAT (ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം) ഇന്ത്യ ടൂർ 2025’ എന്നുപേരിട്ട ത്രിദിന ഇന്ത്യാസന്ദർശനം സംഘടിപ്പിക്കുന്നത്. പരിപാടികൾക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് 4,500 രൂപയായിരിക്കും. മുംബൈയിലെ പരിപാടികളിൽ കുറഞ്ഞനിരക്ക് 8250 ആയിരിക്കും









