തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. സംസ്ഥാന തെര. കമ്മീഷൻ്റെ കണക്ക് അനുസരിച്ച് 70.9 ശതമാനം പോളിംഗാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്.ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളം ജില്ലയിലാണ് (74.58%). കുറവ് പോളിങ് പത്തനതിട്ടയിലാണ് (66.78%).തിരുവനന്തപുരം (67.4%), കൊല്ലം (70.36%), ആലപ്പുഴ (73.76%), കോട്ടയം (70.96%), ഇടുക്കി (71.77%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ്. വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും പലയിടത്തും ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിരയാണ് ഉള്ളത്. വരിയിൽ ഉള്ളവര്‍ക്ക് ടോക്കൺ നൽകി വോട്ടുചെയ്യാൻ അനുവദിക്കുന്നുണ്ട്. ഈ കണക്ക് അന്തിമം അല്ലെന്നും അവസാന പോളിംഗ് ശതമാന കണക്കുകൾ നാളെ പുറത്ത് വിടുമെന്നും സംസ്ഥാന തെര. കമ്മീഷണർ അറിയിച്ചു. 75 ശതമാന പോളിംഗ് കടക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി
ജനാധിപത്യത്തിൻ്റെ ആ വലിയ ഉത്സവത്തിൽ അണിചേരാൻ രാവിലെ മുതൽ ബൂത്തുകളിൽ തിരക്ക് തുടങ്ങിയിരുന്നു. 7 മണിക്കാണ് പോളിംഗ് തുടങ്ങിയത് എങ്കിലും അതിനും മുമ്പെ ആളുകളെത്തി വരി നിന്നു. ആദ്യ മണിക്കൂറിൽ പോളിംഗ് കുതിച്ചപ്പോൾ പ്രതീക്ഷിച്ചത് കനത്ത പോളിംഗാണ്. പക്ഷെ ഉച്ചയോടെ മന്ദഗതിയിലായി. ഉച്ചയ്ക്ക് ശേഷമാണ് പിന്നീട് പോളിംഗ് ശതമാനം കൂടിതുടങ്ങിയത്. ഇഞ്ചോടിഞ്ച് ത്രികോണപ്പോരുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നണികളുടെ കണക്ക് തെറ്റിച്ചാണ് കുറഞ്ഞ പോളിംഗ്. പക്ഷെ വോട്ടർ പട്ടികയിലെ പ്രശ്നങ്ങളാണ് ശതമാനത്തിലെ കുറവിന് കാരണമെന്നാണ് നേതാക്കൾ ആശ്വസിക്കുന്നത്. കോർപ്പറേഷനിൽ ശക്തമായ മത്സരമുള്ള വാർഡുകളിൽ 70 ന് മുകളിലേക്ക് പോയിട്ടുണ്ട് പോളിംഗ്. എറണാകുളം കോർപ്പറേഷനിലും പ്രതീക്ഷിച്ച പോളിംഗ് ഉണ്ടായില്ല. പക്ഷെ ജില്ലയിൽ തുടക്കം മുതൽ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ രാവിലെ മുതല്‍ പോളിംഗ് ശതമാനം മേലോട്ടായിരുന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും രാവില മുതൽ തിരക്കായിരുന്നു.
ചരിത്രമുന്നേറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. അതേസമയം, ഭരണമാറ്റത്തിന്റെ തുടക്കമായിരിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതികരണം. കേരളം മാറി ചിന്തിക്കുമെന്ന് ബിജെപി നേത്വത്വവും അഭിപ്രായപ്പെട്ടു. അതിനിടെ, രണ്ടാംഘട്ട വോട്ടെടുപ്പിനൊരുങ്ങുന്ന 7 ജില്ലകളിൽ പരസ്യ പ്രചാരണം അവസാനിച്ചു. കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ. ഒഞ്ചിയത്തും പൂക്കോട്ടൂരിലും സംഘർഷമുണ്ടായി. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളില്‍ മറ്റന്നാളാണ് ജനവിധി







