പത്തനംതിട്ട: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതില്‍ സര്‍ക്കാര്‍ അപ്പീല്‍ പോവുന്നത് വേറെ ജോലിയില്ലാത്തത് കൊണ്ടാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഏത് കിട്ടിയാലും ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ഉപദ്രവിക്കാന്‍ കഴിയും എന്ന് നോക്കിക്കാണുന്ന സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
നടി എന്ന നിലയില്‍ കുട്ടിയോട് ഒപ്പമാണ് ഞങ്ങള്‍ എന്ന് പറയുമ്പോഴും ഒരു നീതി എല്ലാവര്‍ക്കും കിട്ടണം. ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി എന്നുള്ളതാണ് എനിക്ക് വ്യക്തിപരമായി പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്‍ എന്നുമാത്രമല്ല, അദ്ദേഹവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഒരു വ്യക്തികൂടിയെന്ന നിലയ്ക്കാണ് ഇക്കാര്യം പറയുന്നതെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
അടൂര്‍ പ്രകാശിന്റെ പ്രതികരണത്തിനെതിരേ മന്ത്രി വീണാ ജോര്‍ജ്ജും രംഗത്തെത്തി. ഈ പറഞ്ഞ നേതാവിന്റെയും നേതാവ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും അങ്ങേയറ്റത്തെ സ്ത്രീ വിരുദ്ധമായ നിലപാടാണ് ഈ വാക്കുകളിലൂടെ വ്യക്തമാക്കുന്നത്. അവള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നും മന്ത്രി പറഞ്ഞു.








