കേരളത്തിന്റെ പൊതുമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു 2017-ല്‍ കൊച്ചിയില്‍ നടിയ്ക്കുനേരെയുണ്ടായ അക്രമം. ഇരയാക്കപ്പെട്ടത് അന്നുവരെ മലയാളത്തില്‍ സജീവമായിരുന്ന നായികാനടി. മലയാളസിനിമയെ തന്നെ നിയന്ത്രിക്കാന്‍ പോന്ന സ്വാധീനമുണ്ടായിരുന്ന നടന്‍ ദിലീപ് എട്ടാംപ്രതി. കേസിന് ദേശീയശ്രദ്ധ ലഭിക്കാന്‍ ഇത്രയും മതിയായിരുന്നു. കോളിളക്കം സൃഷ്ടിച്ച ഈ കേസിലാണ് ഇപ്പോള്‍ നടന്‍ ദിലീപിനെ വെറുതെവിടുകയും ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരിക്കുന്നത്.സംഭവംനടന്ന് എട്ടുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധിവരുന്നത്. മലയാള സിനിമയിലും കേരളത്തിന്റെ പൊതുമനഃസാക്ഷിയിലും ഒട്ടേറെ തിരിത്തലുകള്‍ക്കും പുനര്‍വിചിന്തനങ്ങള്‍ക്കും വഴിവെച്ച സംഭവംകൂടിയായിരുന്നു ഇത്. 2018-ല്‍ വിചാരണ തുടങ്ങി കഴിഞ്ഞ സെപ്റ്റംബറില്‍ പൂര്‍ത്തിയായി. ഇതിനിടെ കോവിഡ് ലോക്ഡൗണ്‍ മൂലം രണ്ടുവര്‍ഷത്തോളം വിചാരണതടസ്സപ്പെടുകയുംചെയ്തു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധിയൊന്നും പാലിക്കാന്‍ കഴിഞ്ഞില്ല. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കസ്റ്റഡിയിലിരിക്കെ തുറന്നുപരിശോധിക്കപ്പെട്ടതും വിവാദമായി. 261 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. സാക്ഷി വിസ്താരത്തിനുമാത്രം 438 ദിവസമെടുത്തു. പ്രോസിക്യൂഷന്‍ 833 രേഖകള്‍ ഹാജരാക്കി. 142 തൊണ്ടിമുതലുകള്‍ കേസിലുണ്ടായിരുന്നു.
2017 ഫെബ്രുവരി 17: തൃശ്ശൂരില്‍നിന്ന് കൊച്ചിയിലേക്ക് സിനിമയുടെ ആവശ്യാര്‍ഥം സഞ്ചരിക്കുകയായിരുന്നു നടി. അങ്കമാലിക്കടുത്ത് അത്താണിയില്‍വെച്ച് നടി സഞ്ചരിച്ച കാറിന് പിന്നില്‍ ഒരു ട്രാവലറിടിച്ചു. പിന്നാലെ, ട്രാവലറിലെത്തിയ ഒന്നാംപ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന എം.എസ്. സുനിലിന്റെ നേതൃത്വത്തില്‍ ഒരു സംഘം നടിയെ തട്ടിക്കൊണ്ടുപോയി. രണ്ടുമണിക്കൂറോളം നടിയേയുംകൊണ്ട് സംഘം കൊച്ചി നഗരത്തിലൂടെ നടിയുടെ കാറില്‍ സഞ്ചരിച്ചു. ഇതിനിടെ, നടിയെ ലൈംഗികമായി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. അതിക്രമത്തിന് ശേഷം നടിയെ സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ എത്തിച്ചു. നടി ലാലിനോട് സംഭവിച്ച കാര്യങ്ങള്‍ വിശദമായി പറഞ്ഞു. നിര്‍മാതാവ് ആന്റോ ജോസഫും എംഎല്‍എയായിരുന്ന പി.ടി. തോമസും ലാലിന്റെ വീട്ടിലേക്കെത്തി. ഇവരുടെ സഹായത്തോടെ നടി പോലീസില്‍ പരാതി നല്‍കി.
ഫെബ്രുവരി 18: നടിയുടെ പരാതിയിലെടുത്ത കേസില്‍, ഇവര്‍ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്ന കൊരട്ടി പൂവത്തുശ്ശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി (24)യെ പോലീസ് അറസ്റ്റുചെയ്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ്. തന്നെ ആക്രമിച്ചവരില്‍ ഒരാള്‍, സിനിമാ മേഖലയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പള്‍സര്‍ സുനിയാണെന്ന് നടി തിരിച്ചറിഞ്ഞിരുന്നു. കേസന്വേഷണത്തിന് വടക്കന്‍ മേഖലാ ക്രൈംബ്രാഞ്ച് ഐജി ദിനേശ് കശ്യപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
ഫെബ്രുവരി 19: കേസില്‍ പ്രതികളായ വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരും അറസ്റ്റിലായി. മറ്റുപ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര താരങ്ങളുടെ ആഭിമുഖ്യത്തില്‍ കൊച്ചി ദര്‍ബാര്‍ ഹാളില്‍ പ്രതിഷേധപരിപാടി. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഫെബ്രുവരി 20: സംഘത്തിലുണ്ടായിരുന്ന മണികണ്ഠന്‍ പോലീസ് പിടിയിലായി.
ഫെബ്രുവരി 21: അന്വേഷണം മലയാളത്തിലെ പ്രമുഖ നടനിലേക്കെന്ന് വിവരം.
ഫെബ്രുവരി 22: താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപിന്റെ സന്ദേശം. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. അന്വേഷണം തനിക്ക് നേരേ വരുമെന്ന് ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്ന് പ്രോസിക്യൂഷന്‍ വാദം.
ഫെബ്രുവരി 23: കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയും വിജീഷും അറസ്റ്റിലായി. എറണാകുളം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പോലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും സ്വന്തം പദ്ധതിയാണെന്നും സുനി മൊഴി നല്‍കി.
ഫെബ്രുവരി 24: നടിയെ തട്ടിക്കൊണ്ടുപോയത് ഭീഷണിപ്പെടുത്തി ഒരുകോടി വാങ്ങാനാണെന്ന് സുനിയുടെ വെളിപ്പെടുത്തല്‍.
ഫെബ്രുവരി 25: സംഭവത്തില്‍ ഗൂഢാലോചന നടന്നെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആലുവ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ നാലുപ്രതികളേയും നടി തിരിച്ചറിഞ്ഞു.
ഫെബ്രുവരി 27: ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ വിവാദമായി. സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭയില്‍. പ്രതികളെ വെള്ള പൂശാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പി.ടി. തോമസ് എംഎല്‍എ ആരോപിച്ചു. ഗൂഢാലോചനയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഒരു പ്രതിയേയുള്ളൂവെന്നോ അതിനപ്പുറം പ്രതികളില്ലെന്നോ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടി.
ഫെബ്രുവരി 28: ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുസംശയിക്കുന്ന മൊബൈല്‍ ഫോണ്‍ കായയിലേക്കെറിഞ്ഞെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫോണിനായി തിരച്ചില്‍. ഫോണ്‍ കണ്ടെത്താനായില്ല.
ഏപ്രില്‍ 18: കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ ഏഴുപേരെ പ്രതികളാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ജൂണ്‍ 18: പള്‍സര്‍ സുനി കാക്കനാട് ജില്ലാ ജയിലില്‍ കഴിയവെ സഹതടവുകാരോട് ആക്രമണത്തെപ്പറ്റി നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന് പോലീസിന് വിവരം.
ജൂണ്‍ 24: പള്‍സര്‍ സുനിയുടെ സുഹൃത്തായ വിഷ്ണു ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപും നാദിര്‍ഷയും. ജയിലില്‍നിന്ന് സുനി ദിലീപിനെഴുതിയതെന്ന് കരുതുന്ന കത്തുപുറത്ത്.
ജൂണ്‍ 28: ദിലീപിനേയും നാദിര്‍ഷയേയും ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യംചെയ്തു. ഉച്ചയ്ക്ക് 12.30-ന് തുടങ്ങിയ ചോദ്യംചെയ്യല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നേകാല്‍വരെ 13 മണിക്കൂറോളം നീണ്ടു. എഡിജിപി സന്ധ്യയുടേയും ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജിന്റേയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ചോദ്യംചെയ്തത്. സുനിയെ അറിയില്ലെന്ന് ദിലീപ് മൊഴി നല്‍കി.
ജൂണ്‍ 30: നടി കാവ്യാമാധവന്റെ കാക്കനാട്ടെ വസ്ത്രസ്ഥാപനത്തില്‍ അന്വേഷണസംഘം പരിശോധന നടത്തി. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ കാക്കനാട്ടെ കടയില്‍ കൊടുത്തെന്ന സുനിയുടെ കത്തിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ജൂലായ് 2: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പള്‍സര്‍ സുനി നേരത്തേ ദിലീപിന്റെ ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്തെത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.
ജൂലായ് 10: ദിലീപ് അറസ്റ്റില്‍. രാവിലെ മുതല്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്യല്‍. വൈകീട്ട് ഏഴേകാലോടെ ആലുവ പോലീസ് ക്ലബ്ബിലെത്തിച്ചു. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.
ജൂലായ് 11: ദിലീപിനെ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദിലീപ് ആലുവ സബ് ജയിലില്‍.
ജൂലായ് 17: മലയാള സിനിമാ സംഘടനകള്‍ ദിലീപിനെ പുറത്താക്കി. മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ‘അമ്മ’ തീരുമാനം കൈക്കൊണ്ടത്. നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ എന്നിവരും അടിയന്തരയോഗം ചേര്‍ന്ന് പുറത്താക്കല്‍ പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 3: 85 ദിവസത്തെ ജയില്‍ വാസത്തിനുശേഷം ദിലീപിന് ജാമ്യം.
നവംബര്‍ 22: 650 പേജുള്ള അനുബന്ധ കുറ്റപത്രം അന്വേഷണസംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ 12 പതികള്‍, ദിലീപ് എട്ടാം പ്രതി. ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരെ പ്രധാനസാക്ഷിയായി ഉള്‍പ്പെടുത്തി. കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2018 ജനുവരിയില്‍ ലൈംഗികപീഡന വീഡിയോയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചു. ദിലീപിന്റെ ആവശ്യം വിചാരണക്കോടതി തള്ളി. പിന്നാലെ, ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ദിലീപ് ആവശ്യവുമായി സമീപിച്ചു. ഇവയും തള്ളി.
2018 മാര്‍ച്ച് 8: കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു.
ജൂണ്‍ 25: ‘അമ്മ’ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാല്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു.
ജൂണ്‍ 28: വിവാദമായതോടെ ‘അമ്മ’യിലേക്കില്ലെന്ന് ദിലീപ് പ്രഖ്യാപിച്ചു.
ഡിസംബര്‍ 19: കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.
2019 ഫെബ്രുവരി 25: വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി. വിചാരണ വനിതാ ജഡ്ജിയുടെ കീഴില്‍ വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു. സിബിഐ സ്‌പെഷ്യല്‍ ജഡ്ജ് ഹണി എം. വര്‍ഗീസിനെ വിചാരണ കോടതി ജഡ്ജിയായി ഹൈക്കോടതി നിയോഗിച്ചു.
നവംബര്‍ 29: ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം.
2020 ജനുവരി 30: പുതിയ ജഡ്ജിക്കുകീഴില്‍ വിചാരണ ആരംഭിച്ചു. വിചാരണയ്ക്കിടെ അഭിനേതാക്കളായ സിദ്ധിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കര്‍ ഉള്‍പ്പെടെ നിരവധി സാക്ഷികള്‍ കൂറുമാറി. പിന്നാലെ, വിചാരണ കോടതി ജഡ്ജിയായ ഹണി എം. വര്‍ഗീസിനേയും മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഹൈക്കോടതി തള്ളി. ജഡ്ജിയുടെ സമീപനത്തെ വിമര്‍ശിച്ച് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവെച്ചു.
2021 മാര്‍ച്ച് 1: ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ വീണ്ടും സുപ്രീംകോടതി നിര്‍ദേശം. കോവിഡ് ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ട് ജൂലായി പ്രത്യേക കോടതിയോട് സമയം ആവശ്യപ്പെട്ടു.
ഡിസംബര്‍ 29: എ. സുരേഷന്റെ രാജിക്ക് പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാറും രാജിവെച്ചു. വിചാരണക്കോടതിയുടെ നടപടികളില്‍ അമര്‍ഷം അറിയിച്ചായിരുന്നു രാജി.
ഡിസംബര്‍ 25: ഗുരുതര ആരോപണങ്ങളുമായി ദിലീപിന്റെ മുന്‍സുഹൃത്ത് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തി. മജിസ്‌ട്രേറ്റ് കോടതിയില്‍ ദൃശ്യങ്ങള്‍ കാണുന്നതിന് വളരേ മുമ്പുതന്നെ ദിലീപിന്റെ കൈവശം ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാര്‍ ആരോപിച്ചു. ഇതിന്റെ ശബ്ദരേഖകള്‍ പുറത്തുവിട്ടു.
2022 ജനുവരി 4: ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് തുടരന്വേഷണത്തിന് അനുമതി. എ. ശ്രീജിത്ത് ഐപിഎസിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘം. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് പുതിയ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ദിലീപ്.
ജനുവരി 10: ആക്രമണത്തെക്കുറിച്ച് നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആദ്യമായി തുറന്നുപറഞ്ഞു.
ജനുവരി 22: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍. പിന്നാലെ, ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കേണ്ട വിചാരണയ്ക്ക് മൂന്നുമാസം കൂടുതല്‍ സമയം അനുവദിച്ച
ഏപ്രില്‍ 9: കൂടുതല്‍ ശബ്ദരേഖകള്‍ പുറത്ത്. ദിലീപിന്റെ സഹോദരന്‍ അനൂപും അളിയന്‍ സൂരജും മൊഴി നല്‍കാന്‍ പഠിപ്പിക്കുന്ന തരത്തിലുള്ള ശബ്ദരേഖകളാണ് പുറത്തുവന്നത്. പിന്നാലെ, കേസിലുള്‍പ്പെട്ട ഹാക്കര്‍ സായ് ശങ്കര്‍ മാപ്പുസാക്ഷിയാവാന്‍ സമ്മതം അറിയിച്ചു. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു. ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലായിരുന്നു അറസ്റ്റ്.
ജൂലായ് 18: അഡ്വ. വി. അജകുമാര്‍ കേസില്‍ മൂന്നാമത്തെ പബ്ലിക്ക് പ്രോസിക്യൂട്ടറായെത്തി. ഒക്ടോബറില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍. തെളിവ് നശിപ്പിക്കലിന് ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്തു.അടുത്തവര്‍ഷം മാര്‍ച്ചില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി മൂന്നുമാസം കൂടെ സമയം അനുവദിച്ചു. ഇതിന് പിന്നാലെയാണ്, കോടതിയുടെ കൈയിലിരിക്കുന്ന തൊണ്ടിമുതലായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന ആരോപണം ഉയര്‍ന്നത്. കോടതിയുടെ കൈയിലിരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ മറ്റാരോ കണ്ടുവെന്നായിരുന്നു ആരോപണം. 2023 ഓഗസ്റ്റില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചു. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന റിപ്പോര്‍ട്ടായിരുന്നു അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിക്കപ്പെട്ടത്. മൂന്നുതവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇലക്ട്രോണിക് രേഖകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ഹൈക്കോടതി അമിസ്‌കസ് ക്യൂറിയെ നിയോഗിച്ചു.
2024 ഓഗസ്റ്റ് 20: നടിയെ ആക്രമിച്ച സംഭവത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഹേമ കമ്മിറ്റി രൂപവത്കരണം. വിരമിച്ച ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെ. ഹേമയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. 2017-ല്‍ നിയോഗിക്കപ്പെട്ടകമ്മിറ്റി 2019-ല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2024 ഓഗസ്റ്റിലായിരുന്നു റിപ്പോര്‍ട്ട് വെളിച്ചം കണ്ടത്. വിവാദങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമൊടുവിലായിരുന്നു റിപ്പോര്‍ട്ട് പൊതുസമൂഹത്തിന് ലഭ്യമായത്.സെപ്റ്റംബര്‍ 17: പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചു.ഡിസംബര്‍ 11: അന്തിമവാദം ആരംഭിച്ചു.ഡിസംബര്‍ 13: കേസിലെ പ്രധാനസാക്ഷിയായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മരിച്ചു.2025 ഏപ്രില്‍ 9: പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി.നവംബര്‍ 25: വിചാരണ പൂര്‍ത്തിയായി വിധിപറയാന്‍ മാറ്റി.











