തെക്കൻ കർണാടകയിലെ അഞ്ചു ജില്ലകളിൽനിന്ന് 2003നും 2009നും മധ്യേ ഇരുപതോളം പെൺകുട്ടികളെ കാണാതായി. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവർ. എല്ലാ പെൺകുട്ടികളുടെയും ശവശരീരങ്ങൾ കണ്ടെത്തിയത് ബസ് സ്റ്റാൻഡുകളിലെ ശുചിമുറികളിൽനിന്ന്. വിവാഹവേഷത്തിലായിരുന്നു മിക്കവരും. ശരീരത്തിലെ ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു. ഇരുപതു ശരീരങ്ങളിൽ എട്ടെണ്ണം മൈസൂരിലെ ലാഷ്കർ മൊഹല്ല ബസ് സ്റ്റാൻഡിൽ നിന്നാണ് ലഭിച്ചത്. അഞ്ചെണ്ണം ബെംഗളൂരുവിലെ തിരക്കേറിയ കെംമ്പഗൗഡ ബസ് സ്റ്റേഷൻ പരിസരത്തുനിന്നും. അന്വേഷണം എത്തിയത് പ്രൈമറി സ്കൂളിൽ അധ്യാപകനായിരുന്ന മോഹൻകുമാറിലേക്ക്. തുടരന്വേഷണത്തിൽ അയാൾ സയനൈഡ് മോഹനായി. രാജ്യമെങ്ങും ആ ക്രൂരന്റെ കഥയറിഞ്ഞു. ഇപ്പോൾ കളങ്കാവൽ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ പ്രേക്ഷകരിലേക്കും എത്തിയിരിക്കുന്നു.
സ്ത്രീകളുടെ കൊലപാതകങ്ങൾക്ക് സാമ്യമുണ്ടായിരുന്നെങ്കിലും അന്വേഷണത്തിൽ പൊലീസ് വലിയ താൽപര്യം കാട്ടിയില്ല. മരിച്ചവരുടെ ബന്ധുക്കളെക്കുറിച്ചും അന്വേഷണം നടന്നില്ല. ദൂരുഹസാഹചര്യത്തിൽ മരിച്ചതായി കാണിച്ചു കേസുകൾ എഴുതിതള്ളി. ഇരുപതു സ്ത്രീകളും മരിച്ചതു വിഷം ഉള്ളിൽ ചെന്നാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് അനങ്ങിയില്ല. പിന്നീട് രണ്ടു പേരുടെ രക്ത സാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. സയനൈഡ് ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്നായിരുന്നു ഫൊറൻസിക് റിപ്പോർട്ട്
പൊലീസ് ഗൗരവത്തോടെ കേസിനെ സമീപിക്കുന്നത് 2009ലാണ്. പെട്ടെന്നുണ്ടായ ഒരു വർഗീയ ലഹളയായിരുന്നു കാരണം. മരിച്ച സ്ത്രീകളിലൊരാളായ അനിതയെ (22) കാണാതാകുന്നത് 2009 ജൂൺ 16ന്. അവളൊരു മുസ്‍ലിം ചെറുപ്പക്കാരനോടൊപ്പം ഒളിച്ചോടിയെന്നും, കേസന്വേഷണം ശരിയായി നടക്കുന്നില്ലെന്നും ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറ്റി അൻപതിലേറെ വരുന്ന സംഘം ബന്ദ്വാൾ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. അനിതയുടെ തിരോധാനത്തിനു പിന്നിലുള്ളവരെ പിടികൂടണമെന്നും അല്ലെങ്കിൽ പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. ഒരു മാസത്തിനകം പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിൽ ഗ്രാമീണർ മടങ്ങിപോയി.
അനിതയുടെ ഫോൺ സന്ദേശങ്ങൾ പൊലീസ് പരിശോധിച്ചു. രാത്രിയിൽ ഒരാളുമായി അനിത ദീർഘനേരം സംസാരിച്ചിരുന്നതായി പൊലീസിനു മനസിലായി. സൈബർ വിഭാഗം വഴി ആ നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. മടിക്കേരിയെന്ന സ്ഥലത്തെ കാവേരി എന്ന യുവതിയുടെ പേരിലുള്ളതായിരുന്നു നമ്പർ. കാവേരിയെ മാസങ്ങളായി കാണാനില്ലായിരുന്നു. ഫോൺരേഖകൾ പരിശോധിച്ചപ്പോൾ കാവേരിയും ഒരു നമ്പറിലേക്കു വിളിച്ചു ഏറെ നേരം സംസാരിച്ചിരുന്നതായി പൊലീസിനു മനസിലായി. ആ നമ്പറിന്റെ ഉടമയെ പൊലീസ് അന്വേഷിച്ചു കണ്ടെത്തി. കാസർകോട് സ്വദേശിയായ പുഷ്പ. അവരെയും ഒരു വർഷമായി കാണാനില്ലായിരുന്നു. എല്ലാവരുടേയും ഫോണുകൾ സ്വിച്ച്ഓഫ്. പൊലീസ് ആശയക്കുഴപ്പത്തിലായി
പുഷ്പയുടെ ഫോൺ നമ്പർ പരിശോധിച്ച സംഘം വിനിത എന്ന സ്ത്രീയിലേക്കെത്തി. അവരുടെ ഫോൺരേഖകളിൽനിന്ന് മറ്റുള്ള സ്ത്രീകളുടെ ഫോൺ നമ്പരിലേക്കു പൊലീസെത്തി. അവരെയെല്ലാം അഴ്ചകളായോ മാസങ്ങളായോ കാണാനില്ലായിരുന്നു. ഫോൺ സന്ദേശങ്ങൾ പരിശോധിക്കുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
അതിനിടെ പൊലീസിന് ഒരു വിവരം ലഭിച്ചു. കാണാതായ സ്ത്രീകളുടെയെല്ലാം മൊബൈൽ ഫോൺ മംഗളൂരുവിലെ ദേർലക്കട്ടെ എന്ന സ്ഥലത്ത് കുറച്ചുനേരം ഓണായിരുന്നു. അവിടെയുള്ള വീടുകളിലും ലോഡ്ജുകളിലും ബസ് സ്റ്റാൻഡുകളിലുമെല്ലാം പൊലീസ് അന്വേഷണം നടത്തി. ഇതിനിടെ, കാണാതായ കാവേരിയുടെ ഫോൺ മൂന്നു മിനിട്ടുനേരം ദേർലകട്ടയിൽ വച്ച് ഓണായതായി പൊലീസിന് വിവരം ലഭിച്ചു. ഫോൺ സന്ദേശങ്ങൾ പരിശോധിച്ച പൊലീസ് ധനുഷെന്ന ചെറുപ്പക്കാരനിലേക്കെത്തി. അയാളുടെ അമ്മാവൻ മോഹൻ കുമാറിന്റെതായിരുന്നു ഫോൺ.
ഒരു വലിയ സെക്സ് റാക്കറ്റിലേക്കോ,കൊലപാതകിയിലേക്കോ തങ്ങൾ അടുക്കുകയാണെന്നു ബന്ദ്വാൾ പൊലീസിനു മനസിലായി. പൊലീസ് മോഹൻ കുമാറിനെ രഹസ്യമായി നിരീക്ഷിച്ചു. സുമിത്രയെന്ന യുവതിയുമായി അടുപ്പത്തിലാണ് മോഹൻകുമാറെന്നു ഫോൺ രേഖകളിൽനിന്ന് മനസിലായി. യുവതിയെ പൊലീസ് കണ്ടെത്തി. അവരുടെ സഹായത്തോടെ മോഹൻകുമാറിനെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയശേഷം കസ്റ്റഡിയിലെടുത്തു. പിടിയിലായ മോഹൻ കുമാർ ബന്ദ്വാൾ പൊലീസ് സ്‌റ്റേഷനിലെ കക്കൂസിനകത്തെ ചുമരിൽ തലയിടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തുടർന്ന് അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്‌ക്ക് 13 തുന്നലുണ്ടായിരുന്നു.
പൊലീസിന്റെ പ്രതീക്ഷകൾക്കപ്പുറത്തുള്ള കാര്യങ്ങളാണു മോഹൻകുമാർ വെളിപ്പെടുത്തിയത്. 32 സ്ത്രീകളെ താൻ കൊന്നതായി അയാൾ പൊലീസിനോടു പറഞ്ഞു. വിവാഹ വാഗ്ദാനം നൽകിയാണ് സ്ത്രീകളെ വശത്താക്കിയിരുന്നത്. ക്ഷേത്രത്തിൽവച്ചു വിവാഹിതരാകാമെന്ന് അറിയിച്ചശേഷം അവരെ അകലെയുള്ള സ്ഥലങ്ങളിലെ ഏതെങ്കിലും ലോഡ്ജിലേക്ക് കൊണ്ടുപോകും. ഒരു രാത്രി അവരോടൊപ്പം കഴിഞ്ഞശേഷം തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിലെത്തിക്കും. ഗർഭ നിരോധന ഗുളികളെന്ന പേരിൽ സയനൈഡ് ചേർത്ത ഗുളികകൾ കഴിക്കാൻ നിർബന്ധിക്കും. ഗുളികൾ കഴിക്കാൻ തയാറാകാത്തവരോടു വിവാഹത്തിനു മുൻപ് കുട്ടികൾ ഉണ്ടാകുന്നതു നല്ലതല്ലെന്ന് പറഞ്ഞു അവരുടെ മനസ്സ് മാറ്റും. ഗുളികകൾ കഴിക്കാൻ ശുചിമുറിയിലേക്കു പോകുന്ന സ്ത്രീകൾ മരിച്ചെന്നു ഉറപ്പാക്കിയശേഷം തിരികെ ഹോട്ടലിലെത്തി അവരുടെ ആഭരണങ്ങളുമായി കടന്നുകളയും. സ്ത്രീകളുടെ കൊലപാതക പരമ്പര വലിയ മാധ്യമ ശ്രദ്ധനേടി. അതോടെ മോഹൻകുമാറിനു മറ്റൊരു പേരു കിട്ടി. സയനൈഡ് മോഹൻ!.
ഭാര്യമാരുടെ പേരുകൾ പെട്ടെന്ന് ഓർത്തെടുക്കാൻ മോഹൻ കുമാറിനു കഴിഞ്ഞിരുന്നില്ല. ഭാര്യമാരുടേയും കൊലപെടുത്തിയവരുടേയും എല്ലാം പേരും ഫോൺ നമ്പറും ഡയറിയിലാണ് അയാൾ എഴുതി സൂക്ഷിച്ചിരുന്നത്. ഇതെല്ലാം നിർണായക തെളിവായി. അനിത, ലീലാവതി, സുനന്ദ എന്നിവരുടെ കൊലപാതക കേസിന്റെ വാദം 2013 ഡിസംബർ 21ന് അവസാനിച്ചു. കോടതി മോഹൻകുമാറിനു വധശിക്ഷ വിധിച്ചു. പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി. ഇപ്പോൾ ജയിലിൽ.









