കൊച്ചി ∙ തായ്‌ലൻഡിൽ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. കോടികൾ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായാണ് ദമ്പതികളെ പിടികൂടിയത്. തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴിയാണ് ഭാര്യയും ഭർത്താവും ഏഴു വയസ്സുള്ള മകനും ഉൾപ്പെടുന്ന കുടുംബം എത്തിയത്. തുടർന്ന് ഇവരുടെ ചെക്ക് ഇൻ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇന്റലിജൻസ് യൂണിറ്റ് അപൂർവയിനം പക്ഷികളെ കണ്ടെത്തിയത്.അപൂർവ ഇനം പക്ഷികളേയും മൃഗങ്ങളേയും വ്യാപകമായി തന്നെ തായ്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കടത്തുന്നുണ്ട്. ഈ വർഷം മാത്രം ഇത്തരത്തിൽപ്പെട്ട മൂന്നു കടത്തുകൾ കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ അപൂർവ ഇനം കുരങ്ങൻമാരെയും പക്ഷിയെയും കടത്തിയ പത്തനംതിട്ട സ്വദേശികളായ ദമ്പതികൾ പിടിയിലായിരുന്നു. ജനുവരിയിലും കഴിഞ്ഞ വർഷം ഡിസംബറിലും സമാനായ കടത്ത് കൊച്ചിയിൽ പിടികൂടിയിട്ടുണ്ട്.ആഡംബര പക്ഷികളെ വളർത്തുന്ന വിപണി ലക്ഷ്യമാക്കിയാണ് ഇവയെ കൊണ്ടുവരുന്നത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിൽപ്പെട്ട അപൂർവ ഇനം വന്യജീവികളെ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിച്ചിട്ടുണ്ട്. അതോടൊപ്പം രാജ്യാന്തര കരാറുകളുടെയും വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ നാലിന്റെയും പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയുടെ വാണിജ്യ ഇടപാടും നിരോധിച്ചിട്ടുണ്ട്.











