കൊല്‍ക്കത്ത: ബംഗാളി നടി ഉമ ദാസ് ഗുപ്ത (83) അന്തരിച്ചു. അർബുദബാധിതയായിരുന്ന നടി കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. 1955-ൽ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി എന്ന ചിത്രത്തിലെ ദുർഗ്ഗ എന്ന കഥാപാത്രത്തിലൂടെയാണ് ഉമ ദാസ് ഗുപ്ത ശ്രദ്ധേയയായത്. നടൻ ചിരഞ്ജിത് ചക്രവർത്തിയാണ് ഉമാ ദാസ് ഗുപ്തയുടെ മരണവാർത്ത പുറത്തുവിട്ടത്. കല-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധി പേർ ഉമ ദാസ് ഗുപ്തയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. ‘പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ ഇപ്പോൾ ശരിക്കും യാത്രയായിരിക്കുന്നു.’ എന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവും (ടിഎംസി) എംപിയും എഴുത്തുകാരനുമായ കുനാൽ ഘോഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.പഥേർ പാഞ്ചാലിക്ക് ശേഷം ഉമാ ദാസ് ഗുപ്ത ഒരിക്കലും മുഖ്യധാരാ സിനിമയിലേക്ക് കടന്നുവന്നിരുന്നില്ല.1929 ലെ ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ അതേ പേരിലുള്ള ബംഗാളി നോവലിന്‍റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി. ബംഗാളിലെ ഒരു സാധാരണ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ദുർഗ്ഗ എന്ന പെൺകുട്ടിയും അവളുടെ ഇളയ സഹോദരൻ അപുവും തമ്മിലുള്ള ആത്മബന്ധമായിരുന്നു സിനിമ പറഞ്ഞത്. ഉമാ ദാസ് ഗുപ്തയെ കൂടാതെ, സുബിർ ബാനർജി, കനു ബാനർജി, കരുണ ബാനർജി തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.